പീഡനവാർത്ത: പഞ്ചാബ് എൽ.പി.യുവിൽ വിദ്യാർത്ഥികളുടെ വൻ അക്രമം: ഹോസ്റ്റലുകളും കെട്ടിടങ്ങളും തകർത്തു, ദേശീയപാത ഉപരോധിച്ചു

ചണ്ഡീഗഢ്: പഞ്ചാബിലെ പ്രശസ്തമായ ലൗലി പ്രഫഷണൽ യൂനിവേഴ്സിറ്റിയിൽ (LPU) പുലർച്ചെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധവും അക്രമവും. ക്യാമ്പസിനുള്ളിൽ പെൺകുട്ടികളുടെ ഹോസ്റ്റലിന് സമീപം പുറത്തുനിന്നെത്തിയ ആൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന വാർത്ത പരന്നതോടെയാണ് വിദ്യാർത്ഥികൾ വൻ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാൽ ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും വ്യാജസന്ദേശമാണ് പ്രചരിച്ചതെന്നും പോലീസ് ഔദ്യോഗികമായി വ്യക്തമാക്കി.

പെൺകുട്ടികളുടെ ഹോസ്റ്റലിന് മുന്നിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർ നിമിഷങ്ങൾക്കകം അക്രമം അഴിച്ചുവിടുകയായിരുന്നു. സർവകലാശാല സുരക്ഷാ ജീവനക്കാർക്ക് നിയന്ത്രിക്കാൻ കഴിയാത്തവിധം സാഹചര്യം കൈവിട്ടുപോയി. കെട്ടിടങ്ങളുടെ ജനൽച്ചില്ലുകൾ എറിഞ്ഞുതകർത്ത പ്രക്ഷോഭകർ ഇഷ്ടികകളും പൂച്ചട്ടികളും ഉപയോഗിച്ച് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കി. ക്യാമ്പസിനുള്ളിലെ ചില ഭാഗങ്ങൾക്ക് തീയിടുകയും സർവകലാശാലയുടെ പ്രധാന ബോർഡുകൾ തകർക്കുകയും ചെയ്തു. പുലർച്ചെ നാലുമണിയോടെ ക്യാമ്പസിന് പുറത്തെത്തിയ നൂറുകണക്കിന് വിദ്യാർത്ഥികൾ ജലന്ധർ-ഫഗ്വാര ദേശീയപാത ഉപരോധിച്ചു.

സംഭവത്തെ തുടർന്ന് കപൂർത്തല പോലീസിന്റെ നേതൃത്വത്തിൽ വൻ സുരക്ഷാ സന്നാഹമാണ് ക്യാമ്പസിലും പരിസരത്തും ഏർപ്പെടുത്തിയിരിക്കുന്നത്. കപൂർത്തല എസ്.എസ്.പി ഗൗരവ് തൂറ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സ്ഥിരീകരിക്കാത്തതും വ്യാജവുമായ സന്ദേശം പ്രചരിച്ചതാണ് വിദ്യാർത്ഥികളെ പ്രകോപിപ്പിച്ചതെന്നും, പീഡനം നടന്നു എന്ന് വ്യക്തമാക്കുന്ന യാതൊരു തെളിവോ പരാതിയോ ഇതുവരെ ലഭിച്ചിട്ടില്ലെന്നും എസ്.എസ്.പി പറഞ്ഞു. പൊതുമുതലുകൾ നശിപ്പിച്ച വിദ്യാർത്ഥികളുമായി ചർച്ച നടത്തി അവരെ ശാന്തരാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും റോഡ് ഉപരോധം അവസാനിപ്പിച്ച് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുമെന്നും അധികൃതർ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles