ന്യൂഡൽഹി: ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ രാജ്യത്ത് അടുത്ത ജനസംഖ്യാ സെൻസസ് 2027 ജനുവരി 25 മുതൽ ഫെബ്രുവരി 28 വരെ നടത്തുമെന്ന് സെൻസസ് കമ്മീഷണർ അറിയിച്ചു. 2027 മാർച്ച് 1 ആയിരിക്കും സെൻസസിന്റെ റഫറൻസ് തീയതിയെന്ന് ഇന്ത്യൻ രജിസ്ട്രാർ ജനറലും സെൻസസ് കമ്മീഷണറുമായ മൃത്യുഞ്ജയ് കുമാർ നാരായൺ പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. എന്നാൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾക്കും കടുത്ത മഞ്ഞുവീഴ്ച ബാധിക്കുന്ന പ്രദേശങ്ങൾക്കും ഈ സമയക്രമത്തിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്.
മണിപ്പൂർ (തുടർ പ്രഖ്യാപനം ഉണ്ടാകുന്നതുവരെ), ഗോവ, ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ലഡാക്ക് എന്നിവിടങ്ങളിലും ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവയിലെ മഞ്ഞുവീഴ്ചയുള്ള പ്രത്യേക മേഖലകളിലുമൊഴികെ രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിശ്ചിത തീയതികളിൽ കണക്കെടുപ്പ് പൂർത്തിയാക്കും. സെൻസസിന്റെ ഭാഗമായുള്ള പുനഃപരിശോധനാ ഘട്ടം (റിവിഷണൽ റൗണ്ട്) 2027 മാർച്ച് 1 മുതൽ 5 വരെ നടക്കും. വീടുകൾ സന്ദർശിച്ചുള്ള വിവരശേഖരണത്തിന് മുന്നോടിയായി ജനുവരി 10 മുതൽ 24 വരെ പൗരന്മാർക്ക് സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താനുള്ള ‘സെൽഫ് എന്യൂമറേഷൻ’ സൗകര്യവും കേന്ദ്ര സർക്കാർ ഒരുക്കുന്നുണ്ട്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ എട്ടാമത്തെ സെൻസസാണ് 2027-ൽ നടക്കാൻ പോകുന്നത്. രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും സെൻസസ് നടപടികൾ പൂർത്തിയാക്കുക; ആദ്യഘട്ടത്തിൽ വീടുകളുടെ പട്ടിക തയ്യാറാക്കലും ഭവന സെൻസസും, രണ്ടാം ഘട്ടത്തിൽ ജനസംഖ്യാ കണക്കെടുപ്പും നടക്കും. കോവിഡ് മഹാമാരിയെ തുടർന്ന് മാറ്റിവെച്ച 2021-ലെ സെൻസസാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. 11,718 കോടി രൂപയുടെ ബജറ്റ് വിഹിതത്തിനാണ് പദ്ധതിക്കായി കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിട്ടുള്ളത്. 2011-ലാണ് രാജ്യത്ത് അവസാനമായി സെൻസസ് നടന്നത്. അന്ന് 121 കോടിയായിരുന്ന (62.32 കോടി പുരുഷന്മാർ, 58.75 കോടി സ്ത്രീകൾ) ഇന്ത്യയിലെ ജനസംഖ്യയിൽ വലിയ വർദ്ധനവാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.



