ടെൽ അവീവ്: പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഉടലെടുത്ത കടുത്ത രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ പുതിയ സർക്കാർ രൂപീകരണ നീക്കങ്ങൾ ശക്തമാക്കി ഇസ്രയേൽ പ്രതിപക്ഷം. ചൊവ്വാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രധാന മുന്നണികൾക്കൊന്നും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെയാണ് സർക്കാരുണ്ടാക്കാനുള്ള അടിയന്തര നീക്കങ്ങളുമായി പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കൾ രംഗത്തെത്തിയത്.
ഇതിന്റെ ഭാഗമായി ഇസ്രയേൽ പ്രതിപക്ഷ നേതാക്കളായ ഗാഡി ഐസൻകോട്ടും മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും റാനാനയിലുള്ള ബെന്നറ്റിന്റെ വസതിയിൽ വെച്ച് നിർണ്ണായക കൂടിക്കാഴ്ച നടത്തി. എത്രയും വേഗം രാജ്യത്ത് സുസ്ഥിരമായ ഒരു ഭരണം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യാഷർ പാർട്ടി നേതാവ് ഗാഡി ഐസൻകോട്ടും ടുഗെദർ പാർട്ടി നേതാവ് നഫ്താലി ബെന്നറ്റും സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി. 120 അംഗങ്ങളുള്ള ഇസ്രയേലി പാർലമെന്റിൽ (നെസറ്റ്) കേവലഭൂരിപക്ഷത്തിന് 61 സീറ്റുകൾ ആവശ്യമാണ്. എന്നാൽ നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യത്തിന് 53 സീറ്റുകളും പ്രതിപക്ഷ കക്ഷികൾക്ക് 47 സീറ്റുകളുമാണ് നേടാനായത്. നിർണ്ണായക ശക്തിയായി മാറിയ അറബ് പാർട്ടികൾ 19 സീറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്.
രാജ്യം വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പിലേക്ക് പോകുന്നത് ഒഴിവാക്കുകയാണ് പ്രതിപക്ഷത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനായി മറ്റ് പ്രതിപക്ഷ പ്രമുഖരായ യെയർ ഗോലാൻ, യെയർ ലാപിഡ് എന്നിവരുമായും സമാന്തര ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.



