എ.എം.വി.ഐ പരീക്ഷാ ചോദ്യങ്ങൾ സ്വകാര്യ വെബ്‌സൈറ്റിൽ നിന്ന് പകർത്തി; പി.എസ്.സി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസ്

തിരുവനന്തപുരം: കേരള പി.എസ്.സി നടത്തിയ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ (എ.എം.വി.ഐ) നിയമന പരീക്ഷയിലെ 45 ചോദ്യങ്ങൾ സ്വകാര്യ സ്ഥാപനത്തിന്റെ ഓൺലൈൻ സ്റ്റഡി മെറ്റീരിയലിൽ നിന്ന് അതേപടി പകർത്തിയതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. പി.എസ്.സി പരീക്ഷകളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ കണ്ടാലറിയാവുന്ന പി.എസ്.സി ഉദ്യോഗസ്ഥരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പെരുമ്പാവൂർ സ്വദേശി രാഹുൽ രാജ് നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് നടപടി. സാൻഫൗണ്ട്രി ഡോട്ട് കോം, സ്‌കാംവേദ തുടങ്ങി വിവിധ ഓൺലൈൻ പഠന പ്ലാറ്റ്‌ഫോമുകളിലെ സ്റ്റഡി മെറ്റീരിയൽ ഹാൻഡ് ബുക്കുകളിൽ നിന്നാണ് ചോദ്യങ്ങൾ അതേപടി പകർത്തി പരീക്ഷയ്ക്ക് ഉൾപ്പെടുത്തിയതെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. ചോദ്യങ്ങൾ ചോർന്നതിന് പുറമെ, നിർദിഷ്ട ശാരീരിക യോഗ്യതയില്ലാത്തവരെ ഉൾപ്പെടുത്തിയതും അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിക്ക് മുന്നോടിയായി വിജ്ഞാപനത്തിൽ ഇല്ലാതിരുന്ന രണ്ട് കോഴ്‌സുകൾ കൂടി യോഗ്യതയായി കൂട്ടിച്ചേർത്തതും ഉൾപ്പെടെയുള്ള വൻ ക്രമക്കേടുകൾ എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഉദ്യോഗസ്ഥ തലത്തിൽ നടന്ന ഈ അട്ടിമറിയും ക്രമക്കേടുകളും കാരണം 2024 സെപ്റ്റംബർ രണ്ടിന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ യോഗ്യതയില്ലാത്തവർ കടന്നുകൂടുകയും, അത് വഴി അർഹരായ ഉദ്യോഗാർത്ഥികൾക്ക് ലഭിക്കേണ്ടിയിരുന്ന അവസരം നഷ്ടപ്പെടുകയും ചെയ്തതായി അന്വേഷണ സംഘം വ്യക്തമാക്കുന്നു. വിജ്ഞാപനത്തിലെ വ്യവസ്ഥകൾ ലംഘിച്ച് നടത്തിയ ഈ ക്രമക്കേടുകളിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് സൂചന.

Related Articles

- Advertisement -spot_img

Latest Articles