മുംബൈ: മഹാരാഷ്ട്രയിലെ ധരാശിവ് ജില്ലയിലെ യെദ്ഷി ഗ്രാമത്തിൽ ദീപാവലി ആഘോഷത്തിനിടെയുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ ആറ് പേർ വെന്തുമരിച്ചു. പുലർച്ചെ രണ്ടരയോടെയായിരുന്നു ദാരുണമായ സംഭവം. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വീടിനുള്ളിൽ കത്തിച്ചുവെച്ച ചിരാതിൽ നിന്ന് തീ അശ്രദ്ധമായി പടർന്നതാണ് ദുരന്തത്തിന് കാരണമായത്.
വീടും പലചരക്ക് കടയും ഉൾപ്പെടുന്ന രണ്ട് നില കെട്ടിടത്തിലാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന പലചരക്ക് കടയിൽ വലിയ അളവിൽ പാചക എണ്ണയും നെയ്യും സൂക്ഷിച്ചിട്ടുണ്ടായിരുന്നതിനാൽ തീ വളരെ പെട്ടെന്ന് കെട്ടിടത്തിന്റെ മുകളിലെ നിലയിലേക്ക് ആളിപ്പടരുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് റിതു ഖോക്കർ കല്യാൺ വ്യക്തമാക്കി. തീയും പുകയും അതിവേഗം വ്യാപിച്ചതോടെ വീടിന്റെ മുകൾനിലയിൽ ഉറങ്ങുകയായിരുന്ന കുടുംബാംഗങ്ങൾക്ക് പുറത്തിറങ്ങാനാവാതെ വരികയും, ശ്വാസംമുട്ടി മരണപ്പെടുകയുമായിരുന്നു.
ഉത്തം ത്രിംബക് കരണ്ടെ, ചന്ദ്രകല ഉത്തം കരണ്ടെ, ഗോവിന്ദ് ഉത്തം കരണ്ടെ, ജ്യോതി ഗോവിന്ദ് കരണ്ടെ, ഗായത്രി ഗോവിന്ദ് കരണ്ടെ, സിദ്ധി ഗോവിന്ദ് കരണ്ടെ എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. അപകടത്തിൽപ്പെട്ടവരുടെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



