കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് സിംഗിൾ ബെഞ്ച് പരിഗണിക്കും. സുപ്രീം കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് വിഷയം വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നത്. വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിക്കുക, പരീക്ഷ എഴുതാൻ അനുമതി നൽകുക എന്നീ രണ്ട് പ്രധാന ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സർവകലാശാലയിൽ പ്രതിഷേധ നാടകം അവതരിപ്പിച്ചതിനെ തുടർന്നാണ് വിദ്യാർത്ഥികൾക്കെതിരെ നടപടിയുണ്ടായത്. നാടകത്തിനിടയിൽ വൈസ് ചാൻസലറുടെ പ്രതീകാത്മക ശവമഞ്ചം ഒരുക്കി പ്രതിഷേധിച്ചു എന്നാരോപിച്ചാണ് 16 വിദ്യാർത്ഥികളെ സർവകലാശാല സസ്പെൻഡ് ചെയ്തത്.
എന്നാൽ സർവകലാശാലയുടെ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. നേരത്തെ സമാന ആവശ്യവുമായി ഹൈക്കോടതി സിംഗിൾ ബെഞ്ചിനെയും ഡിവിഷൻ ബെഞ്ചിനെയും സമീപിച്ചിരുന്നെങ്കിലും അനുകൂല ഉത്തരവ് ലഭിക്കാത്തതിനെ തുടർന്ന് വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. വിഷയം പുനഃപരിശോധിച്ച് തീർപ്പാക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചതിനെ തുടർന്നാണ് ഹർജി പുതുക്കി നൽകിയത്.
അതിനിടയിൽ, സർവകലാശാലയുടെ പ്രതികാര നടപടിക്കെതിരെ എസ്.എഫ്.ഐ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നു. വിവിധ രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ സമരപ്പന്തലിൽ എത്തി വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ ഭാവിയെയും തുടർപഠനത്തെയും നേരിട്ട് ബാധിക്കുന്ന വിഷയമായതിനാൽ ഹൈക്കോടതിയുടെ ഇന്നത്തെ തീരുമാനം ഏറെ നിർണായകമാണ്.



