ഫുജൈറ: യു.എ.ഇയിലെ ഫുജൈറയിലുണ്ടായ വൻ വാഹനാപകടത്തിൽ നിരവധി പേർ മരിക്കുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫുജൈറയിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ ബുധനാഴ്ച അർധരാത്രിക്ക് ശേഷമാണ് ലോറിയും മറ്റ് നിരവധി വാഹനങ്ങളും തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായതെന്ന് ഫുജൈറ പൊലീസ് അറിയിച്ചു.
വിവരമറിഞ്ഞ ഉടൻ തന്നെ പൊലീസും ആംബുലൻസ് സംഘങ്ങളും സിവിൽ ഡിഫൻസ് വിഭാഗവും അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. പരിക്കേറ്റവർക്ക് സംഭവസ്ഥലത്ത് വെച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെത്തുടർന്ന് പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കൃത്യമായ എണ്ണമോ വ്യക്തിവിവരങ്ങളോ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി ഫുജൈറ പൊലീസ് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഫുജൈറ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ വാഹനയാത്രക്കാരും കർശനമായി ഗതാഗത നിയമങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. അപകടസാധ്യതകൾ ഒഴിവാക്കുന്നതിനായി വേഗപരിധി കൃത്യമായി പാലിക്കാനും വാഹനങ്ങൾക്കിടയിൽ മതിയായ സുരക്ഷിത അകലം നിലനിർത്താനും ഡ്രൈവർമാർക്ക് പൊലീസ് നിർദേശം നൽകി.



