തിരുവനന്തപുരം: കേരള ചരിത്ര ഗവേഷണ കൗൺസിൽ (കെ.സി.എച്ച്.ആർ) ചെയർപേഴ്സനായി ഡോ. വിനോദ് കുമാർ കല്ലോലിക്കലിനെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. വിനോദ് കുമാറിന്റെ നിയമനത്തിനെതിരായ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും രാഷ്ട്രീയമായി തങ്ങൾക്ക് അനഭിമതരായവരെ ‘സംഘിച്ചാപ്പയടിക്കുന്ന’ സി.പി.എം രീതി അവസാനിപ്പിക്കണമെന്നും റോജി എം. ജോൺ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
കെ.സി.എച്ച്.ആർ ചെയർപേഴ്സൺ നിയമനത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന് യാതൊരു സ്ഥാപിത താല്പര്യങ്ങളുമില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഉയർന്ന അക്കാദമിക് യോഗ്യതകളും മികച്ച ഗവേഷണ പരിചയവുമുള്ള വ്യക്തിയെ മെറിറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് നിയമിച്ചത്. മുൻപ് ഇടത് അധ്യാപക സംഘടനയിൽ സജീവമായി പ്രവർത്തിച്ചിരുന്ന സമയത്ത് ആരോപിക്കാതിരുന്ന സംഘപരിവാർ ബന്ധം ഇപ്പോൾ വിനോദ് കുമാറിനുമേൽ ഉന്നയിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്.
മഹാരാജാസ് കോളജിൽ പ്രമുഖ വിദ്യാർത്ഥി സംഘടനയുടെ നേതാവ് എഴുതാത്ത പരീക്ഷ ജയിക്കാൻ ശ്രമിച്ചപ്പോൾ അതിന് കൂട്ടുനിൽക്കാതെ അക്കാദമിക സത്യസന്ധത ഉയർത്തിപ്പിടിച്ചതാണ് വിനോദ് കുമാറിനെതിരായ വൈരാഗ്യത്തിന് കാരണമെന്നും അന്ന് തുടങ്ങിയ രാഷ്ട്രീയ പകപോക്കലാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്കാദമിക സ്ഥാപനങ്ങളെ രാഷ്ട്രീയവൽക്കരിക്കാൻ സർക്കാറിന് അജണ്ടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സെർച്ച് കമ്മിറ്റി സമർപ്പിച്ച നിർദേശങ്ങൾ അട്ടിമറിച്ച്, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി നേരിട്ട് ഇടപെട്ട് യോഗ്യതയില്ലാത്ത വ്യക്തിയെ ചെയർമാനായി നിയമിച്ചു എന്ന പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയായാണ് മന്ത്രിയുടെ പ്രസ്താവന. കെ.സി.എച്ച്.ആറിനെ കാവിവൽക്കരിക്കാനുള്ള സർക്കാരിന്റെ അജണ്ടയുടെ ഭാഗമായാണ് സെർച്ച് കമ്മിറ്റിയെ നോക്കുകുത്തിയാക്കി ഈ നിയമനം നടത്തിയതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം താഴെ ലിങ്കിൽ



