അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണക്കേസ്: കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെ എട്ട് പ്രതികൾക്ക് മുൻകൂർ ജാമ്യം

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെ എട്ട് പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. പത്തനംതിട്ട ജില്ലാ കോടതിയാണ് പ്രതികൾക്ക് ജാമ്യം നൽകിയത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തുകൊണ്ട് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നെങ്കിലും ഇത് തള്ളിക്കൊണ്ടാണ് കോടതിയുടെ നടപടി.

സ്റ്റേഷൻ അതിക്രമിച്ചു കയറൽ, പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) 333-ാം വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്. ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് പുറമെ അബിൻ ശിവദാസ്, നസ്മൽ, ഫെന്നി നൈനാൻ എന്നിവരാണ് കേസിലെ മറ്റ് പ്രധാന പ്രതികൾ.

കഴിഞ്ഞ ജൂലൈ 11-നായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. ശ്രീനാദേവി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാജൻ ജോസഫ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് സംഘർഷവും ആക്രമണവും ഉണ്ടായത്. സംഭവത്തിൽ സ്റ്റേഷനിലെ പൊലീസുകാർക്കും പരിക്കേറ്റിരുന്നു.

Related Articles

- Advertisement -spot_img

Latest Articles