തിരുവനന്തപുരം: കേന്ദ്ര ടൂറിസം മന്ത്രാലയം സ്റ്റാർ ക്ലാസിഫിക്കേഷൻ അപേക്ഷ നിരസിച്ച 32 ഹോട്ടലുകളുടെ ബാർ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചു. കേന്ദ്രത്തിന്റെ നക്ഷത്ര പദവിയില്ലാത്ത ഹോട്ടലുകൾക്ക് ബാർ പ്രവർത്തിപ്പിക്കാൻ അനുമതി നൽകാനാകില്ലെന്ന കർശന നിലപാടിലാണ് സർക്കാർ. പദവി ലഭിക്കാത്ത ഹോട്ടലുകളുടെ ബാർ ലൈസൻസ് റദ്ദാക്കുമെന്ന സർക്കാർ നിലപാട് ഹൈക്കോടതിയെ അറിയിക്കുന്നതിനായി പ്രത്യേക സത്യവാങ്മൂലം സമർപ്പിക്കും.
അതേസമയം, സർക്കാർ നീക്കത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാൻ ബാർ ഉടമകളും ഒരുക്കം തുടങ്ങി. ക്ലാസിഫിക്കേഷന് അപേക്ഷ നൽകിയവർക്കും ലൈസൻസ് പുതുക്കി നൽകാമെന്ന മുൻ സർക്കാരിന്റെ ഫെബ്രുവരി 13-ലെ ഉത്തരവിന്റെ പിൻബലത്തിലാണ് ഈ ഹോട്ടലുകൾക്ക് പ്രവർത്തനാനുമതി ലഭിച്ചിരുന്നത്. അടുത്ത മാർച്ച് 31 വരെയുള്ള ലൈസൻസ് ഫീസായി 35 ലക്ഷം രൂപ വീതം 32 ഹോട്ടലുകളും ഇതിനകം അടച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ലൈസൻസ് റദ്ദാക്കുന്നതിലെ നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് ബാർ ഉടമകളുടെ തീരുമാനം. ബാർ ഉടമകളുടെ പുതിയ നീക്കത്തിന്റെ അടിസ്ഥാനത്തിലും, സർക്കാരും ബാറുടമകളും ഒത്തുകളിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം ഉയരാനുള്ള സാധ്യത കണക്കിലെടുത്തും കേസിൽ വിശദമായ നിയമോപദേശം തേടാൻ എക്സൈസ് മന്ത്രി എം. ലിജു നിർദേശം നൽകി.
ക്ലാസിഫിക്കേഷൻ പുതുക്കാത്ത ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകിയതിനെതിരെയുള്ള കേസ് ഹൈക്കോടതിയിലെത്തിയപ്പോഴാണ് മന്ത്രിയുടെ നിർദേശപ്രകാരം ടൂറിസം മന്ത്രാലയത്തോട് റിപ്പോർട്ട് തേടിയത്. ക്ലാസിഫിക്കേഷൻ പുതുക്കാനായി ലഭിച്ച 293 അപേക്ഷകളിൽ 226 എണ്ണത്തിൽ പരിശോധന നടത്തിയെന്നും, 140 ഹോട്ടലുകൾക്ക് ക്ലാസിഫിക്കേഷൻ പുതുക്കി നൽകിയതായും 32 എണ്ണം നിരസിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 38 ഹോട്ടലുകളിൽ പരിശോധനയ്ക്ക് സമയം നിശ്ചയിച്ചിട്ടുണ്ട്. ഏതാനും ഹോട്ടലുകളിൽ പരിശോധന നടത്തിയ ശേഷം അപാകതകൾ പരിഹരിക്കാൻ സമയം നൽകിയിരിക്കുകയാണ്. പരിശോധന നടത്താത്തതും സമയം നിശ്ചയിച്ചതും അപാകത പരിഹരിക്കാൻ നിർദേശിച്ചതുമായ ഹോട്ടലുകളുടെ എണ്ണം ചേർത്താണ് 120 അപേക്ഷകൾ ‘പെൻഡിങ്’ ആണെന്ന് ഒക്ടോബർ ആദ്യം ടൂറിസം മന്ത്രാലയം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്.
അതിനിടെ, സർക്കാർ അറിയാതെ പുതുതായി ബാർ ലൈസൻസ് നൽകിയതിനെച്ചൊല്ലിയുള്ള വിവാദവും മുൻ എക്സൈസ് കമ്മിഷണർ സീറാം സാംബശിവ റാവുവിന്റെ റിപ്പോർട്ടിൽ ഉദ്യോഗസ്ഥർക്കെതിരെയുള്ള ആക്ഷേപങ്ങളും അന്വേഷിക്കാനുള്ള വിജിലൻസ് നടപടികൾക്കും തുടക്കമായി. ഇതിനുള്ള കുറിപ്പ് എക്സൈസ് മന്ത്രി എം. ലിജു മുഖ്യമന്ത്രിക്ക് കൈമാറി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിജിലൻസ് മേധാവി മനോജ് എബ്രഹാമുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയിട്ടുണ്ട്. അന്വേഷണ ഉത്തരവ് ഉടൻ പുറത്തിറങ്ങും. പുതിയ സർക്കാർ അധികാരമേറ്റ ശേഷം അനുവദിച്ച ബാർ, എയർപോർട്ട് ലൗഞ്ച് ബാർ ലൈസൻസുകളും അന്വേഷണപരിധിയിൽ വരും. സർക്കാർ നിർദേശത്തിന് വിരുദ്ധമായി പ്രവർത്തിച്ചെന്ന പേരിലാണ് സാംബശിവ റാവുവിനെ നേരത്തെ എക്സൈസ് കമ്മിഷണർ സ്ഥാനത്തുനിന്ന് നീക്കിയത്.



