‘ആരാണ് യഥാർത്ഥ രാജ്യദ്രോഹി?’; പ്രധാനമന്ത്രി മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യത്ത് ആരാണ് യഥാർത്ഥ രാജ്യദ്രോഹിയെന്നും ആരെയാണ് വിദേശ ശക്തികൾ നിയന്ത്രിക്കുന്നതെന്നും ജനങ്ങൾ അറിയട്ടെയെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. താൻ ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങൾക്കുമുള്ള തെളിവുകൾ തന്റെ ഫോണിലുണ്ടെന്നും, എന്നാൽ തടയാവുന്ന എല്ലാ പരിധികളും ലംഘിച്ച് ആ ഫോൺ പ്രധാനമന്ത്രി ചോർത്തുന്നുണ്ടെന്നും രാഹുൽ ഗാന്ധി ഗുരുതര ആരോപണം ഉന്നയിച്ചു. ഇൻസ്റ്റഗ്രാമിൽ ഉയർന്ന സംശയങ്ങൾക്ക് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഏത് വേദിയിലും എപ്പോൾ വേണമെങ്കിലും താനുമായി തുറന്ന (One-on-one) സംവാദത്തിന് പ്രധാനമന്ത്രി തയ്യാറാകണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. താനുമായി നേരിട്ടുള്ള സംവാദത്തിന് തയ്യാറാകുന്ന ദിവസം വിദേശശക്തികളുടെ നിയന്ത്രണത്തിലുള്ളത് ആരാണെന്നും യഥാർത്ഥ രാജ്യദ്രോഹി ആരാണെന്നും എല്ലാവർക്കും വ്യക്തമാകുമെന്നും, ചർച്ചയ്ക്ക് ശേഷം നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ജീവിതം അവസാനിക്കുമെന്ന് രാജ്യത്തിന് ഗ്യാരണ്ടി നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചർച്ചയിൽ ജഡ്ജിയായി ബി.ജെ.പിയ്ക്ക് താൽപ്പര്യമുള്ള ആരെ വേണമെങ്കിലും (ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതോ വ്യവസായി ഗൗതം അദാനിയോ പോലും) വെച്ചോളൂ എന്നും, പ്രധാനമന്ത്രി സംവാദത്തിന് തയ്യാറാകുക മാത്രമാണ് വേണ്ടതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി വിദേശ ശക്തികളുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത് എന്നടക്കമുള്ള ആരോപണങ്ങൾ മുൻപും രാഹുൽ ഗാന്ധി ഉന്നയിച്ചിരുന്നു. നവംബർ ആറിനും ഏത് വേദിയിലും സംവാദത്തിന് തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാഹുലിന്റെ വെല്ലുവിളി അംഗീകരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, വിഷയം പാർലമെന്റിൽ ഉന്നയിക്കാനാണ് ആവശ്യപ്പെട്ടത്. കോൺഗ്രസ് ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാൻ കേന്ദ്രം തയ്യാറാണെന്നും അമിത് ഷാ അറിയിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ പുതിയ വെല്ലുവിളിയോടെ ദേശീയ രാഷ്ട്രീയത്തിൽ വീണ്ടും വലിയ ചർച്ചകൾക്കാണ് തുടക്കമായിരിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles