ഐ.സി.എഫ് വെസ്റ്റ് ചാപ്റ്റർ ‘ഹൊറൈസൺസ്’ വാർഷിക കൗൺസിലിന് പ്രൗഢ സമാപനം

മക്ക: ‘ഹൊറൈസൺസ് 2026’ എന്ന ശീർഷകത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) വെസ്റ്റ് ചാപ്റ്റർ ഓൺലൈനായി സംഘടിപ്പിച്ച 2025-2026 പ്രവർത്തന വർഷത്തെ വാർഷിക കൗൺസിൽ ശ്രദ്ധേയമായ പരിപാടികളോടെ വിജയകരമായി സമാപിച്ചു. വെസ്റ്റ് ചാപ്റ്ററിന് കീഴിലുള്ള 11 റീജിയണുകളിലും 23 ഡിവിഷനുകളിലും 185 യൂണിറ്റുകളിലും വളരെ വ്യവസ്ഥാപിതവും സുതാര്യവുമായി കൗൺസിലുകൾ പൂർത്തിയാക്കിയ ശേഷമാണ് ഈ കേന്ദ്ര ചാപ്റ്റർ കൗൺസിൽ പ്രക്രിയകൾക്ക് വിരാമമായത്. രണ്ടു ദിവസങ്ങളിലായി നടന്ന പ്രസ്തുത കൗൺസിൽ യോഗത്തിൽ ചാപ്റ്റർ പ്രസിഡന്റ് ഹസൻ സഖാഫി അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് നാഷണൽ പ്രസിഡന്റ് അബ്ദുൽ റഷീദ് സഖാഫി മുക്കം കൗൺസിൽ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു. പ്രസ്ഥാനത്തിന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങളെ സമഗ്രമായി വിലയിരുത്താനും പോരായ്മകൾ കണ്ടെത്തി പരിഹരിക്കാനും, വരും വർഷങ്ങളിൽ സംഘടനയെ കൂടുതൽ കരുത്തോടെ മുന്നോട്ട് നയിക്കാനും ലഭിക്കുന്ന വലിയ അവസരങ്ങളാണ് ഇത്തരം കൗൺസിലുകളെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

സംഘടനയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ വിവിധ ഡിപ്പാർട്ട്മെന്റ് സെക്രട്ടറിമാർ കൗൺസിലിൽ അവതരിപ്പിച്ചു. ഓപ്പറേഷൻസ് അഫേഴ്‌സ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി പ്രസിഡന്റ് അഷ്‌റഫ് പേങ്ങാട്, ഓർഗനൈസേഷൻ സെക്രട്ടറി മൊയ്‌ദീൻ മാവൂർ, അഡ്മിൻ & പി.ആർ സെക്രട്ടറി സൈതലവി കൂമണ്ണ, പി.ആർ & മീഡിയ സെക്രട്ടറി അബ്ദുൽ സത്താർ പതിമംഗലം, ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്മെന്റ് ഡയറക്ടറേറ്റ് വൈസ് പ്രസിഡന്റ് അബ്ദു നാസർ അൻവരി, തസ്കിയ സെക്രട്ടറി മുഹമ്മദലി മാസ്റ്റർ, മോറൽ എഡ്യൂക്കേഷൻ സെക്രട്ടറി ഓടക്കൽ അബ്ദുൽ ബാസിത് അഹ്‌സനി, ഹാർമണി & എമിനൻസ് സെക്രട്ടറി മുഹമ്മദ് സഖാഫി, നോളജ് സെക്രട്ടറി മുജീബ് പി.എം.ആർ, വുമൺ എംപവർമെന്റ് സെക്രട്ടറി ജാബിർ വാഴക്കാട്, സോഷ്യൽ സർവ്വീസ് ഡയറക്ടറേറ്റ് വൈസ് പ്രസിഡന്റ് മൊയ്‌ദീൻ കുട്ടി സഖാഫി, വെൽഫെയർ & സർവ്വീസ് സെക്രട്ടറി അബൂബക്കർ ഐക്കരപ്പടി, എക്കണോമിക്സ് സെക്രട്ടറി മുസ്തഫ കാളോത്ത്, പബ്ലിക്കേഷൻ സെക്രട്ടറി ജാഫർ താനൂർ, ഫിനാൻസ് സെക്രട്ടറി മുഹമ്മദ് സാലിഹ്, ജനറൽ സെക്രട്ടറി ഷാഫി ബാഖവി എന്നിവർ യഥാക്രമം തങ്ങളുടെ വകുപ്പുകളുടെ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു ചർച്ച ചെയ്തു.

“പ്രവാസികളുടെ അഭയം” എന്ന മഹത്തായ മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) മുന്നോട്ട് വെക്കുന്ന പ്രവാസി സുരക്ഷാ പദ്ധതിയായ ‘ഐ.സി.എഫ് കെയർ’ കൂടുതൽ ജനകീയമാക്കാൻ പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് ഐ.സി.എഫ് ഇന്റർനാഷണൽ സെക്രട്ടറി സലീം പാലച്ചിറ ആഹ്വാനം ചെയ്തു. പദ്ധതി സമൂഹത്തിലെ മുഴുവൻ ആളുകളിലേക്കും എത്തിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് ഓരോ ഘടകവും മുൻഗണന നൽകണം. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് മാസാന്ത സാമ്പത്തിക സഹായം ഉറപ്പാക്കുന്ന ‘രിഫായീ കെയർ’ ഉൾപ്പെടെ ഐ.സി.എഫ് നടപ്പിലാക്കിവരുന്ന ജീവകാരുണ്യ-സാന്ത്വന സേവന പ്രവർത്തനങ്ങൾ സമൂഹത്തിലെ ഏറ്റവും സാധാരണക്കാരായ മനുഷ്യരുടെ കണ്ണീരൊപ്പുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.സി.എഫ് വെസ്റ്റ് ചാപ്റ്റർ വാർഷിക കൗൺസിലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ സംഘടനാ വർഷത്തിലെ പ്രവർത്തന മികവുകൾ കൃത്യമായി വിലയിരുത്തുന്നതിനും പോരായ്‌മകൾ സമയബന്ധിതമായി പരിഹരിക്കുന്നതിനുമായി തയ്യാറാക്കിയ ‘സെൽഫ് അസ്സസ്മെന്റ് റിപ്പോർട്ട്’ ഈ വർഷത്തെ കൗൺസിലിന്റെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു. ഓരോ പ്രവർത്തകനും സ്വന്തം പ്രവർത്തനങ്ങളെ സ്വയം മാർക്കിട്ട് വിലയിരുത്താൻ സഹായിക്കുന്നതായിരുന്നു ഈ റിപ്പോർട്ട്. ഇതിനുപുറമെ, വരും നാളുകളിലെ തുടർ പ്രവർത്തനങ്ങൾക്ക് കൃത്യമായ വഴികാട്ടിയും ഊർജ്ജവും പകരുന്ന രീതിയിലുള്ള സംഘടനാ ശാക്തീകരണ ഗ്രൂപ്പ് ചർച്ചകളും കൗൺസിലിന്റെ ഭാഗമായി നടന്നു.

ഗൗരവമേറിയ ചർച്ചകൾ നടന്ന കൗൺസിൽ സംഗമത്തിൽ ഐ.സി.എഫ് നാഷണൽ നേതാക്കളായ സിറാജ് കുറ്റിയാടി, ബഷീർ പറവൂർ തുടങ്ങിയ പ്രമുഖ നേതാക്കൾ സംബന്ധിച്ചു. ചാപ്റ്റർ ജനറൽ സെക്രട്ടറി ഷാഫി ബാഖവി മീനടത്തൂർ കൗൺസിലിന് ഔദ്യോഗികമായി സ്വാഗതം ആശംസിക്കുകയും, അഡ്മിൻ സെക്രട്ടറി സൈതലവി കൂമണ്ണ ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

 

 

 

Related Articles

- Advertisement -spot_img

Latest Articles