ഇറാനെതിരെ സംയുക്ത സൈനിക നീക്കത്തിന് തയാറെടുപ്പ്; 10 യു.എസ് സൈനിക കാർഗോ വിമാനങ്ങൾ ഇസ്രായേലിലെത്തി

ടെൽ അവീവ്: ഇറാനെതിരെ സാധ്യമായ സൈനികാക്രമണത്തിന് മുന്നോടിയായി ഇസ്രായേലിലേക്ക് 10 സൈനിക കാർഗോ വിമാനങ്ങൾ അയച്ച് അമേരിക്ക. ഇസ്രായേലിലെ തെക്കൻ നെഗേവ് മേഖലയിലുള്ള വ്യോമത്താവളങ്ങളിലേക്കാണ് ഈ വിമാനങ്ങൾ എത്തിച്ചതെന്ന് ഇസ്രായേലിന്റെ ഔദ്യോഗിക ചാനലായ ‘കാൻ’ റിപ്പോർട്ട് ചെയ്തു. വ്യോമ പ്രതിരോധ സംവിധാനങ്ങളും മിസൈലുകളും കൈകാര്യം ചെയ്യുന്ന യു.എസിലെ പ്രമുഖ കേന്ദ്രമായ ടെക്സാസിലെ ഫോർട്ട് ബ്ലിസിൽ നിന്ന് പുറപ്പെട്ട വിമാനങ്ങൾ ഒവ്ദ, നെവാതിം എന്നീ വ്യോമത്താവളങ്ങളിലാണ് ഇറങ്ങിയത്. കൂടാതെ, പശ്ചിമേഷ്യയിലെ മറ്റ് യു.എസ് സൈനിക കേന്ദ്രങ്ങളിലേക്കും കൂടുതൽ യുദ്ധവിമാനങ്ങൾ എത്തിച്ചിട്ടുണ്ട്.

വിമാനങ്ങളിൽ എത്തിച്ച സാധനസാമഗ്രികളെക്കുറിച്ചോ ആക്രമണ തീയതിയെക്കുറിച്ചോ ഔദ്യോഗിക സ്ഥിരീകരണങ്ങൾ പുറത്തുവിട്ടിട്ടില്ല. എങ്കിലും, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്ത് തീരുമാനമെടുത്താലും അത് നടപ്പിലാക്കാൻ ഇസ്രായേലും അമേരിക്കയും സംയുക്ത തയാറെടുപ്പുകൾ പൂർത്തിയാക്കുകയാണെന്ന് പ്രമുഖ ഇസ്രായേലി ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മേഖലയിൽ ചെറിയ തോതിലുള്ള സൈനിക നടപടികൾക്ക് സാധ്യതയുണ്ടെന്ന് വാഷിംഗ്ടൺ ഗൾഫ് രാജ്യങ്ങൾക്ക് മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. ഇതിന്റെ ഭാഗമായി ടെക്സാസിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് പാട്രിയോട്ട് വ്യോമ പ്രതിരോധ സംവിധാനങ്ങൾ മാറ്റുകയും കൂടുതൽ യുദ്ധക്കപ്പലുകളും മറൈൻ കോർപ്സ് യൂണിറ്റുകളും നവംബറോടെ മേഖലയിൽ വിന്യസിക്കാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

ഇറാനെതിരെയുള്ള ആക്രമണ സാധ്യതകളെയും മുന്നൊരുക്കങ്ങളെയും കുറിച്ച് യു.എസ് സെൻട്രൽ കമാൻഡ് തലവൻ ജനറൽ ബ്രാഡ് കൂപ്പർ പ്രസിഡന്റ് ട്രംപിന് വിശദീകരണം നൽകിയതായി ‘വാൾസ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇറാനെതിരെയുള്ള ഏകപക്ഷീയമായ സൈനിക നീക്കങ്ങൾ പശ്ചിമേഷ്യയിൽ കടുത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും പ്രാദേശിക സംഘർഷം കൂടുതൽ രൂക്ഷമാക്കുമെന്നും ഡെമോക്രാറ്റിക് സെനറ്റർ ക്രിസ് മർഫി ഉൾപ്പെടെയുള്ള പ്രമുഖ യു.എസ് ജനപ്രതിനിധികൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Related Articles

- Advertisement -spot_img

Latest Articles