പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട തർക്കം; അക്രമത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു, അഞ്ച് പേർ അറസ്റ്റിൽ

തിരുവനന്തപുരം: കാരക്കോടത്ത് പടക്കം പൊട്ടിച്ചതുമായി ഉണ്ടായ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച രാത്രി 9:30 ഓടെ വട്ടപ്പാറ ജൂബിലി നഗറിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. സി.പി.ഐ നേതാവ് വിനോദ്, വിപിൻ എവർസൺ എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്.

വിനോദിന്റെ ബന്ധുവായ വിജയരാജിന്റെ വീടിന് സമീപം വിപിനും സുഹൃത്തുക്കളും ചേർന്ന് പടക്കം പൊട്ടിച്ചതാണ് തർക്കത്തിന് കാരണമായത്. വീട്ടിൽ പശുക്കളുള്ളതിനാൽ പടക്കം പൊട്ടിക്കുന്നത് ബുദ്ധിമുട്ടാകുന്നുവെന്നും ഇക്കാര്യം പൊലീസിനെ അറിയിക്കണമെന്നും വിജയരാജ് സി.പി.ഐ നേതാവായ വിനോദിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ വിനോദ് വാളുമായി വീട്ടിൽ അതിക്രമിച്ചുകയറി വിപിനെ വെട്ടുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനിടെ വിപിനൊപ്പം ഉണ്ടായിരുന്നവരും ചേർന്ന് വിനോദിനെ ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ വിനോദ് സ്വകാര്യ ആശുപത്രിയിലും, വിപിൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. സംഭവത്തിൽ വിനോദിന് വെട്ടേറ്റ കേസിൽ മൂന്ന് പേരെയും, വിപിന് വെട്ടേറ്റ കേസിൽ മറ്റ് രണ്ട് പേരെയും ഉൾപ്പെടെ ആകെ അഞ്ച് പ്രതികളെയാണ് വട്ടപ്പാറ പൊലീസ് പിടികൂടിയത്. പ്രദേശത്ത് കൂടുതൽ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles