തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിനായ ‘ഓപ്പറേഷൻ തൂഫാൻ’ ജനകീയ പിന്തുണയോടെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ലഹരിക്ക് അടിമപ്പെട്ടവരെ വിദഗ്ധ ചികിൽസയിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള പുതിയ പുനരധിവാസ പദ്ധതിയായ ‘തൂഫാൻ കെയർ’ ഈ മാസം 16-ന് ആരംഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമാകുന്നതിന് സംസ്ഥാനത്തെ 35-ഓളം ആശുപത്രികൾ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും, ഇവരുടെ യോഗം ഉടൻ തിരുവനന്തപുരത്ത് വിളിച്ചുചേർക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പരിശോധനകളും കർശന നടപടികളും ശക്തമാക്കിയതോടെ കുറ്റകൃത്യങ്ങളിൽ 35 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ടെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. സ്ത്രീകളുടെയും കുടുംബങ്ങളുടെയും വലിയ പിന്തുണയാണ് ഈ ക്യാമ്പയിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലഹരിക്കേസുകളിൽ ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നവർക്കെതിരെ കാപ്പ ചുമത്തുകയും സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്യുന്നുണ്ട്. രാത്രികാല കോമ്പിങ് പരിശോധനകൾ ശക്തമാക്കിയതിന്റെ ഭാഗമായി മദ്യപിച്ച് വാഹനമോടിച്ച പതിനായിരത്തോളം പേരെ പിടികൂടിയിട്ടുണ്ടെന്നും, ലൈസൻസ് റദ്ദാക്കുന്നത് സംബന്ധിച്ച് ഗതാഗത വകുപ്പുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.



