മന്ത്രി സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി കെ.എസ്.ഇ.ബി ചെയർമാൻ എൻ. പ്രശാന്ത്

തിരുവനന്തപുരം: വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വൈദ്യുതി മന്ത്രി സണ്ണി ജോസഫുമായി കെ.എസ്.ഇ.ബി ചെയർമാൻ എൻ. പ്രശാന്ത് കൂടിക്കാഴ്ച നടത്തി. മന്ത്രിയുടെ ഓഫീസിലെത്തി നടന്ന ഒരു മണിക്കൂറോളം നീണ്ട ചർച്ചയിൽ കെ.എസ്.ഇ.ബിയുടെ നിലവിലെ പ്രവർത്തന സാഹചര്യങ്ങളും സംസ്ഥാനത്തെ വൈദ്യുതി ലഭ്യതയും സംബന്ധിച്ച വിവരങ്ങൾ ചെയർമാൻ മന്ത്രിക്ക് മുന്നിൽ വിശദീകരിച്ചു.

വകുപ്പ് മന്ത്രിയെ അറിയിക്കാതെ കെ.എസ്.ഇ.ബി ചെയർമാനും ഊർജ സെക്രട്ടറിയും മുഖ്യമന്ത്രി വി.ഡി. സതീശനുമായി ചർച്ച നടത്തുകയും തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തതിൽ സണ്ണി ജോസഫ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ജി.എൻ.എ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങേണ്ടതില്ലെന്ന സർക്കാരിന്റെ പ്രഖ്യാപനം മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്നും മന്ത്രി വിമർശിച്ചിരുന്നു. വകുപ്പ് മന്ത്രിയെ അവഗണിച്ച് തീരുമാനങ്ങളെടുക്കുന്നു എന്ന വിമർശനവും ആഭ്യന്തര നീരസവും തണുപ്പിക്കുന്നതിന്റെ ഭാഗമായാണ് കെ.എസ്.ഇ.ബി ചെയർമാൻ നേരിട്ടെത്തി സമവായ ചർച്ച നടത്തിയത്.

അതേസമയം, അടുത്ത രണ്ടു മാസത്തേക്ക് സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് ബോർഡിന്റെ പുതിയ വിലയിരുത്തൽ. അതിനാൽ വിപണിയിൽ നിന്ന് അടിയന്തരമായി വൈദ്യുതി വാങ്ങേണ്ട സാഹചര്യം നിലവിലില്ലെന്ന് ചെയർമാൻ മന്ത്രിയെ ധരിപ്പിച്ചു.

Related Articles

- Advertisement -spot_img

Latest Articles