‘ഇറാന്റെ പണവും കടലിടുക്കും ഞങ്ങളുടെ കയ്യിൽ, ഇനി കരാറില്ല’; നിലപാട് കടുപ്പിച്ച് ട്രംപ്

വാഷിംഗ്ടൺ: ടെഹ്‌റാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചർച്ചകൾക്ക് പകരം, രാജ്യത്തെ ആഭ്യന്തര തട്ടിപ്പ് വിരുദ്ധ നടപടികളിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന് നിർദ്ദേശം നൽകിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാനുമായി ഇനി ഒരു കരാറിന്റെ ആവശ്യമില്ലെന്നും ആ കാലമൊക്കെ എന്നേ കഴിഞ്ഞുപോയെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു. അവരുടെ കോടിക്കണക്കിന് ഡോളർ പണവും ഹോർമുസ് കടലിടുക്കും ഇപ്പോൾ തങ്ങളുടെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനുമായി ജെ.ഡി വാൻസ് നേരിട്ട് ചർച്ചകൾ നടത്താൻ ആലോചിക്കുന്നതായും, ഇതിനായി ട്രംപ് അദ്ദേഹത്തിന് അനുമതി നൽകിയതായും വാൾസ്ട്രീറ്റ് ജേണൽ ബുധനാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടുകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം. ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുകയും വാൾസ്ട്രീറ്റ് ഓഹരി സൂചികകൾ ഇടിയുകയും ചെയ്തു.

ഈ മാസം നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടിയേൽക്കുകയും യു.എസ് കോൺഗ്രസിന്റെ നിയന്ത്രണം ഡെമോക്രാറ്റുകൾ പിടിച്ചെടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഈ നിലപാട്. അമേരിക്കയിൽ ഇന്ധനവില കുത്തനെ ഉയരാൻ കാരണമായ ഇറാൻ യുദ്ധത്തോടുള്ള വോട്ടർമാരുടെ രോഷമാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണം ഇറാൻ യുദ്ധമാണെന്ന് ജെ.ഡി വാൻസ് ഉൾപ്പെടെയുള്ള റിപ്പബ്ലിക്കൻ നേതാക്കൾ പരസ്യമായി അഭിപ്രായപ്പെട്ടിരുന്നു.

ഫെബ്രുവരി അവസാനത്തോടെ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്. ഇതിന് തിരിച്ചടിയായി ലോകത്തെ പ്രധാന എണ്ണ ഗതാഗത പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചത് ആഗോള സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുകയും ഊർജ്ജ നിരക്കുകൾ കുതിച്ചുയരാൻ ഇടയാക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles