ആരോപണങ്ങൾ അടിസ്ഥാനരഹിതം; വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് റിയാദ് വില്ല കമ്പനി

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ നിർമ്മാണ സ്ഥാപനമായ റിയാദ് വില്ല കമ്പനിക്കും ചെയർമാനുമെതിരെ കേരളത്തിലെ ഒരു യൂട്യൂബ് ചാനൽ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. 2012 നവംബർ 15-ന് അൽഹസ ഒദലിയയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ അഴീക്കോട് സ്വദേശി നവീൻ കുന്നിരിക്കൻ മരിച്ച സംഭവത്തെ വളച്ചൊടിച്ച് സ്ഥാപനത്തിന്റെ സത്‌പേര് കളങ്കപ്പെടുത്താൻ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് മാനേജ്‌മെന്റ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

2011 ഡിസംബർ 4-നാണ് നവീൻ സൗദിയിലെത്തിയത്. കമ്പനിയുമായുള്ള ധാരണപ്രകാരം അവധിയിൽ നാട്ടിൽ പോയി തിരിച്ചെത്തിയ അദ്ദേഹത്തിന് 2012 നവംബറിലുണ്ടായ വാഹനാപകടത്തിലാണ് ജീവൻ നഷ്ടപ്പെട്ടത്. അപകടത്തെത്തുടർന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ഹുഫൂഫിലെ കിംഗ് ഫഹദ് ആശുപത്രി അധികൃതർ സാക്ഷ്യപ്പെടുത്തിയ ഡെത്ത് സർട്ടിഫിക്കറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. സൗദി നിയമപ്രകാരം ട്രാഫിക് പോലീസും പബ്ലിക് പ്രോസിക്യൂഷനും സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് അപകടസ്ഥലത്തെ ശാസ്ത്രീയ പരിശോധനകളും ഫോറൻസിക് റിപ്പോർട്ടുകളും വിലയിരുത്തി, യാതൊരു ദുരൂഹതയുമില്ലെന്ന് ഉറപ്പുവരുത്തിയാണ് നിയമനടപടികൾ പൂർത്തിയാക്കിയതെന്നും കമ്പനി അറിയിച്ചു.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനും ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും കമ്പനി എല്ലാ സഹായങ്ങളും നൽകിയിരുന്നു. വാഹനത്തിന്റെ ഫുൾ ഇൻഷുറൻസ് പരിരക്ഷ പ്രകാരം ലഭിച്ച ഒരു ലക്ഷം റിയാലിന്റെ ചെക്ക് നിയമനടപടികൾക്കായി ഇന്ത്യൻ എംബസിക്ക് കൈമാറിയിരുന്നെങ്കിലും, പേരിൽ വന്ന സാങ്കേതിക പിശക് കാരണം പണം കൈമാറാൻ വൈകി. ചെക്കിലെ പേര് തിരുത്തി ഇന്ത്യൻ അംബാസഡറുടെ പേരിൽ പുതിയ ചെക്ക് നൽകുന്നതിനായി തവനിയ ഇൻഷുറൻസ് കമ്പനിയിൽ അപേക്ഷ നൽകിയതിന്റെ രസീതും, മറ്റ് ഔദ്യോഗിക രേഖകളും മാനേജ്‌മെന്റ് വാർത്താസമ്മേളനത്തിൽ ഹാജരാക്കി. പണം അനന്തരാവകാശികൾക്ക് കൈമാറാൻ എംബസിയും നോർക്കയും ഇടപെടലുകൾ നടത്തിയിരുന്നു. കുടുംബം നിസ്സഹകരിച്ച വേളയിലും ഇൻഷുറൻസ് തുക നേടി കുടുംബത്തിന് കൈമാറാൻ കമ്പനി ശ്രമിച്ചിരുന്നതായും, എന്നാൽ 13 വർഷത്തിന് ശേഷം റിയാദ് വില്ലയ്ക്കെതിരെ ആരോപണം ഉന്നയിക്കുന്നതിന് പിന്നിൽ ദുരുദ്ദേശ്യവും ഗൂഢാലോചനയും സംശയിക്കുന്നതായും അധികൃതർ പറഞ്ഞു.

മരിച്ച നവീന്റെ സൗദിയിലെ ഔദ്യോഗിക രേഖകളിൽ വിവാഹിതൻ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ സഹോദരിയും മാതാപിതാക്കളും ഈ വിവാഹം അംഗീകരിച്ചിരുന്നില്ലെന്നും, ലിവിംഗ് ടുഗതർ ബന്ധമായിരുന്നു ഇതെന്നുമാണ് വിവരം. ഇക്കാരണത്താൽ അവധിക്കാലങ്ങളിൽ വീട്ടിലായിരുന്നില്ല നവീൻ താമസിച്ചിരുന്നത്. മരണത്തെത്തുടർന്ന് നഷ്ടപരിഹാര തുകയ്ക്ക് ഈ യുവതിയും അവകാശവാദം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അന്വേഷണം നടത്തിയ റവന്യൂ വകുപ്പ് തഹസീൽദാർ കേരള സർക്കാരിന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, വിദേശകാര്യ മന്ത്രാലയം വഴി ഇന്ത്യൻ എംബസിയിലും തുടർന്ന് റിയാദ് വില്ല കമ്പനിയിലും ഔദ്യോഗിക അന്വേഷണം നടന്നിരുന്നു. പേര് മാറ്റാൻ നൽകിയ ചെക്ക് വൈകാൻ ഇത്തരം തർക്കങ്ങളും ഇടപെടലുകളും കാരണമായെന്നും സംശയിക്കുന്നുണ്ട്.

നാനൂറിലേറെ തൊഴിലാളികളും ആയിരത്തിലധികം കരാർ ജീവനക്കാരുമുള്ള പ്രമുഖ സ്ഥാപനത്തെയും അതിനെ നയിക്കുന്നവരെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സ്വർണ്ണക്കടത്തെന്നും അവയവക്കടത്തെന്നും വ്യാജ ആരോപണങ്ങളുന്നയിച്ച് രംഗത്തുവന്ന യൂട്യൂബ് ചാനലുകൾക്കും വ്യക്തികൾക്കുമെതിരെ സിവിലും ക്രിമിനലുമായ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.

പ്രൊജക്ട് മാനേജർ അഡ്വ. എൽ കെ അജിത് സ്വാമി, അസിസ്റ്റന്റ് ജനറൽ മാനേജർ ഹുസ്സൈൻ അൽ അലത്താസ്, ലീഗൽ വകുപ്പ് ഡയറക്ടർ സഈദ് അൽ ഖഹ്ത്താനി, എച്ച് ആർ മാനേജർ മുതവാഫ് അൽ അതാവി, പ്രൊജക്ട് മാനേജർ സജിത് കുമാർ, നാസർ വലിയകത്ത്, പബ്ലിക് റിലേഷൻ ഡിപ്പാർട്മെൻറ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

- Advertisement -spot_img

Latest Articles