എമിറേറ്റ്‌സ് എയര്‍ലൈന്‍സിന് റെക്കോര്‍ഡ് ലാഭം; ജീവനക്കാര്‍ക്ക് 5 മാസത്തെ ശമ്പളം ബോണസ്

ദുബായ് : എമിറേറ്റ്‌സ് എയര്‍ലെന്‍സിന്റെ വാര്‍ഷിക ലാഭത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനക്ക് പിന്നാലെ ജീവനക്കാര്‍ക്ക് 5 മാസ ശമ്പളം ബോണസ് പ്രഖ്യാപിച്ച് കമ്പനി. മേയ് മാസത്തെ ശമ്പളത്തിനൊപ്പം ബോണസ് കൂടി അധികമായി ലഭിക്കും. മലയാളികളുള്‍പ്പെടെ എമിറേറ്റ്‌സിലെ മുഴുവന്‍ ജീവനക്കാര്‍ക്കും നേട്ടം ലഭിക്കും.

കമ്പനിയുടെ ലക്ഷ്യം നേടാന്‍ സഹായിച്ച മുഴുവന്‍ ജീവനക്കാര്‍ക്കും എമിറേറ്റ്‌സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ സായിദ് അല്‍ മക്തും നന്ദി അറിയിച്ചു. 10,000 ദിര്‍ഹം ശമ്പളമുള്ള ജീവനക്കാരന് ഈ മാസത്തെ ശമ്പളത്തിനൊപ്പം 50,000 ദിര്‍ഹം (11,32,500 രൂപ) ബോണസായി ലഭിക്കും. കഴിഞ്ഞ തവണ 6 മാസത്തെ ശമ്പളമാണ് ബോണസായി നല്‍കിയിരുന്നത്. കഴിഞ്ഞ വര്‍ഷം 1870 കോടി ദിര്‍ഹമായിരുന്നു എമിറേറ്റ്‌സിന്റെ ലാഭം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 71% ആണ് ലാഭവര്‍ധന. വരുമാനം, ലാഭം, സാമ്പത്തിക ആസ്തി, ജീവനക്കാരുടെ എണ്ണം എന്നിവയില്‍ എമിറേറ്റ്‌സ് ഗ്രൂപ്പ് ഇതുവരെയുള്ള റെക്കോര്‍ഡുകള്‍ ഭേദിച്ചതായി ഷെയ്ഖ് അഹമ്മദ് പറഞ്ഞു. ആദ്യമായി യാത്രക്കാരില്‍ നിന്നുള്ള വരുമാനം 10,000 കോടി ദിര്‍ഹത്തിലെത്തി. കാഷ് ബാലന്‍സ് 4710 കോടി ദിര്‍ഹമായി ഉയര്‍ന്നു.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 11% വര്‍ധന. എമിറേറ്റ്‌സിലെ ജീവനക്കാരുടെ എണ്ണം 10% വര്‍ധിച്ച് 1,12,406 ആയി. 84 രാജ്യങ്ങളിലാണ് എമിറേറ്റ്‌സിന് ജീവനക്കാരുള്ളത്. 170 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എമിറേറ്റ്‌സില്‍ ജോലി ചെയ്യുന്നുണ്ട്. കമ്പനി ഈ വര്‍ഷവും പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്, എ350 വിഭാഗത്തിലെ 10 എയര്‍ ക്രാഫ്റ്റുകള്‍ ഈ വര്‍ഷം എമിറേറ്റ്‌സ് വാങ്ങിക്കും ആദ്യ വിമാനം ഓഗസ്റ്റിലെത്തും. 777 വിഭാഗത്തില്‍പെടുന്ന 5 വിമാനങ്ങളും ഈ വര്‍ഷം എമിറേറ്റ്‌സിന്റെ ഭാഗമാകും. 2027നകം ആയിരത്തോളം പുതിയ ജീവനക്കാരെ നിയമിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles