റായ്‌പൂർ: ഛത്തീസ്‌ഗഢിലെ ബിലാസ്‌പൂരിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് ആറ് പേർക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെ ബിലാസ്‌പൂർ ജില്ലയിലെ ജയ്‌റാംനഗർ സ്‌റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ഈ അപകടത്തിൽ 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഒരേ ട്രാക്കിലെത്തിയ രണ്ട് ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. മെമു ട്രെയിൻ മുന്നിൽ പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ പിന്നിൽ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. നിലവിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് ബിലാസ്‌പൂർ – കാട്‌നി റൂട്ടിലെ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു. നിരവധി ട്രെയിനുകൾ റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്‌തിട്ടുണ്ട് .



