കൊച്ചി: വിദ്യാർഥിനിക്ക് ശിരോവസ്ത്രം വിലക്കിയതിൻ്റെ പേരിൽ അടുത്തിടെ വിവാദത്തിലായ കൊച്ചി പള്ളുരുത്തിയിലെ സെന്റ് റീത്താസ് സ്‌കൂളിലെ പി.ടി.എ. പ്രസിഡന്റ് ജോഷി കൈതവളപ്പിലിനെ എൻ.ഡി.എ. സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.
നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി.) എറണാകുളം ജില്ലാ പ്രസിഡന്റായ ജോഷി കൈതവളപ്പിൽ കൊച്ചി കോർപ്പറേഷനിലെ പള്ളുരുത്തി കച്ചേരിപ്പടി ഡിവിഷനിലാണ് മത്സരിക്കുക.
എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് ശിരോവസ്ത്രം വിലക്കിയ സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിനെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു. ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, പി.ടി.എ. പ്രസിഡന്റായ ജോഷി കൈതവളപ്പിൽ നടത്തിയ വിദ്വേഷ പ്രചാരണത്തിനെതിരെ മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി ലഭിച്ചിരുന്നു.
ശിരോവസ്ത്ര വിലക്കുമായി ബന്ധപ്പെട്ട് സ്‌കൂൾ പ്രിൻസിപ്പലും ജോഷിയും നടത്തിയ പ്രസ്ഥാവനകൾ അന്ന് ഏറെ ചർച്ചാവിഷയമായിരുന്നു. ഈ രാഷ്ട്രീയ സാഹചര്യത്തിലാണ് വിവാദത്തിൽ പ്രധാനിയായ ഇദ്ദേഹം എൻ.ഡി.എയുടെ ഭാഗമായി മത്സരരംഗത്തേക്ക് എത്തുന്നത്.



