അഷ്ടമുടിക്കായലിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു

കൊല്ലം: അഷ്ടമുടിക്കായലിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളായ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രത്തിന് സമീപം ബോട്ട് ജെട്ടിക്കടുത്താണ് സംഭവം. കൊല്ലം വാളത്തുംഗൽ ചേതന നഗർ സ്വദേശികളായ ആദിത്യൻ (19), അഭിജിത്ത് (17) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ 11 മണിയോടെ ആറു പേരടങ്ങുന്ന സുഹൃത്തുക്കളുടെ സംഘമാണ് ക്ഷേത്രദർശനത്തിന് ശേഷം കായലിൽ കുളിക്കാനെത്തിയത്. ഇതിനിടെ ആദിത്യനും അഭിജിത്തും വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. കരയിൽ നിന്നവരുടെ നിലവിളികേട്ട് ഓടിയെത്തിയ പ്രദേശവാസികളും പോലീസുദ്യോഗസ്ഥരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല. ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

മാടൻനടയിലെ ഹെൽമറ്റ് കടയിലെ ജീവനക്കാരനായിരുന്നു ആദിത്യൻ. അഭിജിത്ത് മയ്യനാട് എച്ച്.എസ്.എസിലെ പ്ലസ് വൺ കൊമേഴ്‌സ് വിദ്യാർഥിയാണ്. സംഭവത്തിൽ അഞ്ചാലുംമൂട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles