ഗ്യാനേഷ് കുമാറിനെതിരെ ‘ഇൻഡ്യ’ മുന്നണിയുടെ ജനകീയ ഇംപീച്ച്‌മെന്റ്; സി.ഇ.സി നിഷ്പക്ഷ അമ്പയറല്ലാതായെന്ന് പ്രതിപക്ഷം

ന്യൂഡൽഹി: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആർ) മറവിൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നുവെന്നാരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (സി.ഇ.സി) ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ‘ജനകീയ ഇംപീച്ച്‌മെന്റ്’ സംഘടിപ്പിച്ച് ‘ഇൻഡ്യ’ മുന്നണി. ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ ഈ അസാധാരണ വിചാരണ നടപടികൾ അരങ്ങേറിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിലെ സുതാര്യതയില്ലായ്മയിലും പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കപ്പെടുന്നതിലും ശക്തമായ പ്രതിഷേധമാണ് സഭയിലുയർന്നത്.

ലോകത്തിന് മാതൃകയായ ഇന്ത്യൻ ജനാധിപത്യത്തിന്റെ കേന്ദ്രബിന്ദു വോട്ടറാണെന്നും ഒരാൾക്ക് പോലും വോട്ടവകാശം നിഷേധിക്കപ്പെടുന്നത് ജനാധിപത്യത്തിന്റെ ആത്മാവിനേൽക്കുന്ന പ്രഹരമാണെന്നും നടപടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാർ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ നിഷ്പക്ഷ അമ്പയർ എന്ന നിലയിൽ പ്രവർത്തിക്കുന്നതിൽ സി.ഇ.സി ഗ്യാനേഷ് കുമാർ പൂർണ്ണമായി പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ ആരോപിച്ചു. പ്രതിപക്ഷം നൽകിയ ഇംപീച്ച്‌മെന്റ് നോട്ടീസുകൾ പാർലമെന്റിൽ അംഗീകരിക്കപ്പെടാത്ത സാഹചര്യത്തിലാണ് ജനകീയ വിചാരണയുമായി മുന്നോട്ട് പോകേണ്ടി വന്നതെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ തരൂർ വ്യക്തമാക്കി.

പാർലമെന്റിലുള്ള ജനപ്രതിനിധികൾ യഥാർത്ഥത്തിൽ ജനങ്ങളുടെ താല്പര്യങ്ങൾ പ്രതിഫലിപ്പിച്ചിരുന്നെങ്കിൽ ഈ ഇംപീച്ച്‌മെന്റ് പാർലമെന്റിനുള്ളിലായിരുന്നു നടക്കേണ്ടിയിരുന്നതെന്ന് ചടങ്ങിൽ പങ്കെടുത്ത ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എ.ഐ.എസ്.എ) അധ്യക്ഷ നേഹ ബോറ അഭിപ്രായപ്പെട്ടു. രാജ്യമെമ്പാടുമുള്ള ജനങ്ങളുടെ പ്രതിഷേധത്തിന്റെ പ്രതിഫലനമാണ് ഡൽഹിയിൽ നടന്ന ജനകീയ സഭയെന്ന് നേതാക്കൾ വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles