കുവൈത്ത്: രാജ്യത്ത് തുടരുന്ന മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ വിമാന സർവീസുകളിൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ടെന്ന് കുവൈത്ത് എയർവേയ്‌സ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദൃശ്യപരിധി കുറഞ്ഞ സാഹചര്യം തുടരുന്നതിനാലാണ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സർവീസുകളിൽ മാറ്റം വരുത്തുന്നത്. ഇതുകാരണം പുറപ്പെടേണ്ട വിമാനങ്ങൾ വൈകാനും, എത്തേണ്ട വിമാനങ്ങൾ താൽക്കാലികമായി മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടാനും സാധ്യതയുണ്ട്.
യാത്രക്കാർ അവരുടെ ബുക്കിങ്ങിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറും ഇമെയിൽ വിലാസവും പരിശോധിച്ച് വിവരങ്ങൾ അറിഞ്ഞിരിക്കണമെന്നും, യാത്രയ്ക്ക് പുറപ്പെടുന്നതിന് മുൻപ് ഫ്ലൈറ്റ് സ്റ്റാറ്റസ് ഉറപ്പുവരുത്തണമെന്നും എയർലൈൻ അഭ്യർത്ഥിച്ചു. കാലാവസ്ഥ മെച്ചപ്പെടുന്ന മുറയ്ക്ക് വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്നും അധികൃതർ അറിയിച്ചു.



