23.4 C
Saudi Arabia
Sunday, March 22, 2026
spot_img

ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണം വ്യക്തിപരമെന്ന് രാജീവ് ചന്ദ്രശേഖർ; ബി.ജെ.പിയുടെ മേൽ പഴി ചാരേണ്ട

തിരുവനന്തപുരം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ ബി.ജെ.പിക്ക് പങ്കില്ലെന്ന ന്യായീകരണവുമായി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇത്തരം അതിക്രമങ്ങൾ ചില വ്യക്തികളുടെ സ്വഭാവ വൈകല്യം കൊണ്ടുണ്ടാകുന്നതാണെന്നും അതിന്റെ പേരിൽ പാർട്ടിയെ പഴി ചാരുന്നത് രാഷ്ട്രീയ താല്പര്യങ്ങൾ മുൻനിർത്തിയാണെന്നും അദ്ദേഹം പറഞ്ഞു.

140 കോടി ജനങ്ങളുള്ള രാജ്യത്ത് ചിലർ തെറ്റായ കാര്യങ്ങൾ ചെയ്തേക്കാം. ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കാതെ നിയമപരമായി നേരിടുകയാണ് വേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കോൺഗ്രസും സി.പി.എമ്മും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയും കരോൾ സംഘങ്ങൾക്ക് നേരെയും സംഘ്പരിവാർ അനുകൂലികൾ ആക്രമണം നടത്തുന്നുവെന്ന ആരോപണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ ഈ പ്രതികരണം. ഡൽഹിയിലും ഛത്തീസ്ഗഡിലും കേരളത്തിലെ പാലക്കാട്ടും കരോൾ സംഘങ്ങൾക്ക് നേരെ അക്രമമുണ്ടായതായി റിപ്പോർട്ടുകൾ വന്നിരുന്നു.

ഇത്തരം സംഭവങ്ങൾ അപലനീയമാണെന്ന് കത്തോലിക്കാ സഭാ നേതൃത്വവും വിവിധ മെത്രാന്മാരും വിമർശിച്ചിരുന്നു. എന്നാൽ, ആരെങ്കിലും ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവർക്കെതിരെ കേസെടുക്കണമെന്നും അതിനെ ഒരു രാഷ്ട്രീയ അവസരമാക്കി മാറ്റരുതെന്നുമാണ് രാജീവ് ചന്ദ്രശേഖറുടെ പക്ഷം.

 

 

 

Related Articles

- Advertisement -spot_img

Latest Articles