റിയാദ്: സൗദി അറേബ്യയിലെ വാഹനപ്രേമികൾക്ക് ആവേശമായി പുതിയ ഇന്ധന ഉൽപ്പന്നം പ്രഖ്യാപിച്ച് സൗദി അരാംകോ. ഉയർന്ന ഒക്ടേൻ നിരക്കുള്ള ‘ഗ്യാസോലിൻ 98’ 2026-ന്റെ തുടക്കം മുതൽ ആഭ്യന്തര വിപണിയിൽ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. ഊർജ്ജ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം, മാറുന്ന വിപണി സാഹചര്യങ്ങൾക്കും അത്യാധുനിക വാഹനങ്ങളുടെ ആവശ്യങ്ങൾക്കും അനുസൃതമായാണ് പുതിയ ഇന്ധനം അവതരിപ്പിക്കുന്നത്. നിലവിൽ വിപണിയിലുള്ള ഇന്ധനങ്ങളെ ബാധിക്കാതെ, ഒരു അധിക ഓപ്ഷനായിട്ടായിരിക്കും ഗ്യാസോലിൻ 98 ലഭ്യമാവുക. പ്രത്യേകിച്ച് സ്പോർട്സ് കാറുകൾക്കും ഉയർന്ന പെർഫോമൻസ് നൽകുന്ന എഞ്ചിനുകൾക്കുമാണ് ഈ ഇന്ധനം കൂടുതൽ ഗുണകരമാകുന്നത്.
ആദ്യ ഘട്ടത്തിൽ റിയാദ്, ജിദ്ദ, ദമ്മാം മെട്രോപൊളിറ്റൻ ഏരിയകൾ എന്നിവിടങ്ങളിലും ഈ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേകളിലുമായിരിക്കും പുതിയ ഇന്ധനം ലഭ്യമാവുക. ഇത്തരം വാഹനങ്ങളുടെ സാന്ദ്രത ഈ നഗരങ്ങളിൽ കൂടുതലാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഗ്യാസോലിൻ 98-ന്റെ വിപണി വില അരാംകോയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിക്കും. എഞ്ചിൻ കാര്യക്ഷമത വർദ്ധിപ്പിക്കാനും ഇന്ധന ഉപഭോഗം കുറയ്ക്കാനും പുതിയ ഗ്രേഡ് ഇന്ധനം സഹായിക്കുമെന്ന് കമ്പനി വ്യക്തമാക്കി. വിപണിയിലെ ഡിമാൻഡ് അനുസരിച്ച് വരും ഘട്ടങ്ങളിൽ മറ്റ് നഗരങ്ങളിലേക്കും ഇതിന്റെ വിതരണം വ്യാപിപ്പിക്കുന്നത് പരിഗണിക്കും.



