18.5 C
Saudi Arabia
Wednesday, February 4, 2026
spot_img

സാമുദായിക വികാരങ്ങളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെ കേരളം ഒറ്റക്കെട്ടായി രംഗത്തുവരണം -കാന്തപുരം

തിരുവനന്തപുരം: സാമുദായിക വികാരങ്ങളെയും മതവിശ്വാസത്തെയും തിരഞ്ഞെടുപ്പ് ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കില്ലെന്ന് എല്ലാ ജനാധിപത്യ കക്ഷികളും ഒറ്റക്കെട്ടായി തീരുമാനിക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. കേരളയാത്രയുടെ സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണം ലഭിക്കുക രാഷ്ട്രീയത്തിൽ പ്രധാനമാണെങ്കിലും, വോട്ടിനായി സമുദായ വികാരങ്ങളെ ഉപയോഗിക്കുന്നത് സമൂഹത്തിൽ വലിയ മുറിവുകൾ ഉണ്ടാക്കും. അതില്ലാതിരിക്കാനുള്ള മുൻകരുതൽ സർക്കാർ തലത്തിൽ തന്നെ സ്വീകരിക്കണം. രാഷ്ട്രീയപാർട്ടികളെയും സമുദായ നേതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ സർവ്വകക്ഷി യോഗം വിളിച്ച് കേരളം ഇതിനൊരു മാതൃകയുണ്ടാക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

വർഗീയമായ ചേരിതിരിവ് മനുഷ്യരുടെ ജീവിതത്തെയാണ് ആത്യന്തികമായി ബാധിക്കുന്നത്. വികസന മുരടിപ്പിലേക്കാണ് അത് നയിക്കുക. പല പ്രതിസന്ധികളെയും അതിജീവിച്ച കേരളത്തിന് ഇതിലും ശക്തമായ മാതൃക സ്വീകരിക്കാൻ കഴിയും. കേരളത്തിൽ ഇടയ്ക്കിടെ നടന്നുകൊണ്ടിരിക്കുന്ന ‘പ്രീണന’ വിവാദങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ ധവളപത്രം പുറപ്പെടുവിക്കണം .മുസ്ലിം, ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങൾക്ക് സർക്കാർ നൽകിയിട്ടുള്ള ആനുകൂല്യങ്ങളെയും ഇളവുകളെയും കുറിച്ച് വ്യക്തമായ വിവരം പൊതുമണ്ഡലത്തിൽ ലഭ്യമാക്കിയാൽ ഊഹാപോഹങ്ങൾ അവസാനിക്കും. ഇത്തരം ആരോപണങ്ങൾ ജാതി-മത സമൂഹങ്ങളെ അധിക്ഷേപിക്കാനും പരസ്‌പര അകലം സൃഷ്ടിക്കാനും മാത്രമേ ഉപകരിക്കൂ.

നമുക്ക് മനുഷ്യനാണ് വലുത്. മനുഷ്യൻ്റെ നിലനിൽപാണ് പ്രധാനം. മനുഷ്യർ പരസ്‌പരമുള്ള സൗഹാർദ്ദം ജീവൽ പ്രധാനമാണ്. അതിന് എല്ലാ വിട്ടുവീഴ്ചകൾക്കും നമ്മൾ തയ്യാറാവണം. കേരളയാത്രയുടെ ഭാഗമായി ഓരോ ജില്ലകളിലും ആയിരക്കണക്കിന് മനുഷ്യരെ ഞങ്ങൾ സംബോധന ചെയ്തു.ജാതി-മത ചിന്തകൾക്കതീതമായി മനുഷ്യനന്മയുടെ സന്ദേശങ്ങളാണ് നൽകിയത്. ഓരോ നാടിന്റെയും വികസനവുമായി ബന്ധപ്പെട്ട വലിയ ചർച്ചകളും നടന്നു. ആ ചർച്ചകൾ ക്രോഡീകരിച്ച വികസന രേഖ ഇന്ന് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സമർപ്പിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles