രാജ്യത്തിന്റെ ആദരം; വി.എസ്. അച്യുതാനന്ദന് പത്മവിഭൂഷൺ, മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ

ന്യൂഡൽഹി: 2026-ലെ പത്മ പുരസ്കാരങ്ങൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി രാജ്യം ആദരിക്കുന്നു. വി.എസിനൊപ്പം സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ.ടി. തോമസ്, ആർ.എസ്.എസ് നേതാവ് പി. നാരായണൻ, നടൻ ധർമ്മേന്ദ്ര (മരണാനന്തര ബഹുമതി) എന്നിവരും പത്മവിഭൂഷണിന് അർഹരായി. മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിക്കും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പ്രഖ്യാപിച്ചതോടെ പുരസ്കാരപ്പട്ടികയിൽ കേരളത്തിന് തിളക്കമേറി.

പരിസ്ഥിതി പ്രവർത്തക കൊല്ലക്കയിൽ ദേവകി അമ്മ, നർത്തകി കലാമണ്ഡലം വിമല മേനോൻ എന്നിവർക്ക് പത്മശ്രീ ലഭിച്ചു. സ്പോർട്സ് വിഭാഗത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രോഹിത് ശർമ്മയെയും പോലീസ് സേവന വിഭാഗത്തിൽ വീരപ്പൻ വേട്ടയ്ക്ക് നേതൃത്വം നൽകിയ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ കെ. വിജയകുമാറിനെയും പത്മശ്രീ നൽകി ആദരിക്കും. ആലപ്പുഴ സ്വദേശിയായ ദേവകി അമ്മയെ ‘അൺസങ് ഹീറോസ്’ വിഭാഗത്തിലാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കപ്പെട്ട ഈ പുരസ്കാരങ്ങൾ വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ച വ്യക്തിത്വങ്ങൾക്കുള്ള രാഷ്ട്രത്തിന്റെ അംഗീകാരമാണ്.

 

Related Articles

- Advertisement -spot_img

Latest Articles