27.1 C
Saudi Arabia
Tuesday, February 24, 2026
spot_img

പ്രതിഷേധം ശക്തം; റിപ്പബ്ലിക് ദിനത്തിലെ ഇറച്ചി വില്പന നിരോധനം പിൻവലിച്ച് ഒഡീഷ സർക്കാർ

ഭുവനേശ്വർ: റിപ്പബ്ലിക് ദിനത്തിൽ സംസ്ഥാനത്തുടനീളം ഇറച്ചി വില്പന നിരോധിച്ചുകൊണ്ടുള്ള വിവാദ ഉത്തരവ് പ്രതിഷേധങ്ങളെത്തുടർന്ന് ഒഡീഷ സർക്കാർ പിൻവലിച്ചു. ജനുവരി 26-ന് അറവുശാലകൾ തുറക്കാനോ മാംസവിൽപന നടത്താനോ പാടില്ലെന്നായിരുന്നു ബിജെപി സർക്കാരിന്റെ ആദ്യ നിർദ്ദേശം. എന്നാൽ ഈ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാർട്ടികളും വിവിധ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സർക്കാർ നിലപാട് തിരുത്തുകയായിരുന്നു. ഭരണഘടനാപരമായ ആഘോഷങ്ങളിൽ ഭക്ഷണരീതികൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി.

അറവുശാലകൾക്കും മാംസവ്യാപാര കേന്ദ്രങ്ങൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കിയതായും റിപ്പബ്ലിക് ദിനത്തിൽ കടകൾ തുറന്നു പ്രവർത്തിക്കാമെന്നും നഗരവികസന വകുപ്പ് പുതിയ ഉത്തരവിറക്കി. നേരത്തെ ഭജന പ്രാർഥനകൾക്കും മറ്റും പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് നിരോധനം ഏർപ്പെടുത്തിയതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാൽ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന റിപ്പബ്ലിക് ദിനത്തിൽ ഇത്തരം മതപരമായ താല്പര്യങ്ങൾ അടിച്ചേൽപ്പിക്കരുതെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ. ഉത്തരവ് പിൻവലിച്ചതോടെ സംസ്ഥാനത്തെ മാംസ വിപണികൾ ഞായറാഴ്ച സാധാരണ പോലെ പ്രവർത്തിക്കും.

 

Related Articles

- Advertisement -spot_img

Latest Articles