15.5 C
Saudi Arabia
Wednesday, February 4, 2026
spot_img

തർക്കങ്ങൾ പരിഹരിക്കാൻ ചർച്ചകൾ വേണം; ഗസ്സയിലെ വെടിനിർത്തൽ ലംഘനത്തെ അപലപിച്ച് സൗദി മന്ത്രിസഭ

റിയാദ്: മേഖലയിലെയും അന്തർദ്ദേശീയ തലത്തിലെയും തർക്കങ്ങൾ ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും പരിഹരിക്കണമെന്ന തങ്ങളുടെ ഉറച്ച നിലപാട് സൗദി അറേബ്യ ആവർത്തിച്ചു. റിയാദിൽ ചൊവ്വാഴ്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വെടിനിർത്തൽ ലംഘനങ്ങളെ സൗദി ഉൾപ്പെടെയുള്ള അറബ്-ഇസ്‌ലാമിക രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ അപലപിച്ച കാര്യം മന്ത്രിസഭ എടുത്തുപറഞ്ഞു. ഇത്തരം ലംഘനങ്ങൾ സമാധാന ശ്രമങ്ങളെ തകർക്കുമെന്നും സ്വതന്ത്ര ഫലസ്തീൻ രാജ്യം എന്ന ലക്ഷ്യത്തിലേക്കുള്ള നീക്കങ്ങളെ തടസ്സപ്പെടുത്തുമെന്നും യോഗം വിലയിരുത്തി. കൂടാതെ, സിറിയൻ ഗവൺമെന്റും സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സും വെടിനിർത്തൽ കരാറിലെത്തിയതിനെ മന്ത്രിസഭ സ്വാഗതം ചെയ്തു.

പരിസ്ഥിതി സംരക്ഷണത്തിനായുള്ള ‘ഗ്രീൻ മിഡിൽ ഈസ്റ്റ്’ പദ്ധതിയിൽ അംഗരാജ്യങ്ങളുടെ എണ്ണം 35 ആയി ഉയർന്നതിനെ യോഗം അഭിനന്ദിച്ചു. മേഖലയിൽ 22 ശതകോടി മരങ്ങൾ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള നിർണ്ണായക ചുവടുവെപ്പാണിതെന്ന് മാധ്യമമന്ത്രി സൽമാൻ അൽ ദോസരി പറഞ്ഞു. കൂടാതെ, റിയാദിൽ നടന്ന ഡാറ്റാ ആന്റ് എ.ഐ കോൺഫറൻസ്, റിയൽ എസ്റ്റേറ്റ് ഫ്യൂച്ചർ ഫോറം, സൗദി മീഡിയ ഫോറം എന്നിവയുടെ വിജയത്തെയും യോഗം പ്രകീർത്തിച്ചു. സാമ്പത്തിക വൈവിധ്യ വൽക്കരണത്തിന്റെ ഭാഗമായുള്ള ‘നാഷണൽ പ്രൈവറ്റൈസേഷൻ സ്ട്രാറ്റജി’ (സ്വകാര്യവൽക്കരണ നയം), മക്കയിലെയും ജിദ്ദയിലെയും വ്യവസായ നഗരങ്ങളിലെ വികസന പദ്ധതികൾ എന്നിവയ്ക്കും മന്ത്രിസഭ അംഗീകാരം നൽകി.

വിവിധ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സൈപ്രസ്, ഫിൻലാൻഡ്, ബ്രസീൽ എന്നീ രാജ്യങ്ങളുമായുള്ള കരാറുകൾക്കും ഹാർവാർഡ് സർവ്വകലാശാലയുമായുള്ള ഗവേഷണ കരാറിനും മന്ത്രിസഭ പച്ചക്കൊടി കാട്ടി. അറബി ഭാഷാ പ്രോത്സാഹനത്തിനായി ദേശീയ നയം രൂപീകരിക്കാനും അറബ് ലീഗുമായി സഹകരിക്കാനും തീരുമാനിച്ചു. ഭീകരവാദം തടയുന്നതിനായി ഉസ്ബക്കിസ്ഥാനുമായും ഓഡിറ്റിംഗ് മേഖലയിൽ ദക്ഷിണ കൊറിയ, മെക്സിക്കോ എന്നീ രാജ്യങ്ങളുമായും സഹകരിക്കാൻ യോഗം അനുമതി നൽകി. കൂടാതെ, ലഹരിമരുന്ന് നിയന്ത്രണത്തിലും അപകടകരമായ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലും ജി.സി.സി രാജ്യങ്ങൾക്കിടയിൽ ഏകീകൃത നിയമം കൊണ്ടുവരുന്നതിനുള്ള തീരുമാനങ്ങൾക്കും മന്ത്രിസഭ അംഗീകാരം നൽകി.

 

Related Articles

- Advertisement -spot_img

Latest Articles