ജിസാൻ: കരൾരോഗം മൂർച്ഛിച്ച് ചികിത്സയിലായിരുന്ന മലപ്പുറം പറപ്പൂർ ഇരിങ്ങല്ലൂർ സ്വദേശി ബൈജു പുളിക്കൽ (41) സൗദി അറേബ്യയിലെ ജിസാനിൽ അന്തരിച്ചു. ബെയിഷ് ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു അന്ത്യം. മലപ്പുറം പറപ്പൂർ ചീനിപ്പടി പുളിക്കൽ വീട്ടിൽ അറുമുഖന്റെയും തങ്കയുടെയും മകനാണ്. കഴിഞ്ഞ ഒരാഴ്ചയായി രോഗബാധിതനായിരുന്ന ബൈജു ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് നില വഷളായതിനെ തുടർന്ന് ബെയിഷ് ജനറൽ ആശുപത്രിയിലും പ്രവേശിക്കപ്പെടുകയായിരുന്നു.
കഴിഞ്ഞ 15 വർഷമായി ജിസാൻ ബെയിഷിലെ ‘ഫോർ സീസൺ മെയിന്റനൻസ്’ കമ്പനിയിൽ ജീവനക്കാരനായിരുന്നു ബൈജു. മൂന്ന് വർഷമായി നാട്ടിൽ പോകാതിരുന്ന ഇദ്ദേഹത്തോടൊപ്പം ഭാര്യയും മകനും സന്ദർശക വിസയിലെത്തി ഒരു വർഷത്തോളം താമസിച്ചിരുന്നു. ബൈജുവിന്റെ സഹോദരൻ ലൈജുവും മറ്റ് അടുത്ത ബന്ധുക്കളും ബെയിഷിൽ തന്നെ ജോലി ചെയ്യുന്നുണ്ട്. രഞ്ജികയാണ് ഭാര്യ. നാട്ടിൽ നാലാം ക്ലാസ് വിദ്യാർഥിയായ അനഞ്ജയ് ഏക മകനാണ്. നിലവിൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ജല ഭാരവാഹികളായ ഹനീഫ മൂന്നിയൂർ, സലാം കൂട്ടായി തുടങ്ങിയവരുടെ നേതൃത്വത്തിൽ ബന്ധുക്കൾ ആരംഭിച്ചു. ബൈജുവിന്റെ നിര്യാണത്തിൽ ജിസാനിലെ വിവിധ പ്രവാസി സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.



