ജുബൈൽ: സൗദി അറേബ്യയിലെ ജുബൈലിൽ താമസിക്കുന്ന വെള്ളോടത്തിൽ തറവാട് കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ സ്നേഹസൗഹൃദങ്ങൾ പുതുക്കി ഇഫ്താർ വിരുന്നും സ്വീകരണ സംഗമവും സംഘടിപ്പിച്ചു. സന്ദർശക വിസയിൽ സൗദിയിലെത്തിയ ബേപ്പൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.വി. ഷംസുദ്ധീൻ, അദ്ദേഹത്തിന്റെ ഭാര്യ സുബൈദ, കോടനിയിൽ മുസ്തഫ, ഭാര്യ ജമീല എന്നിവർക്കാണ് തറവാട് കൂട്ടായ്മ ഊഷ്മളമായ സ്വീകരണം നൽകിയത്.
റമദാൻ മാസത്തിന്റെ വിശുദ്ധിയും കുടുംബബന്ധങ്ങളുടെ ദൃഢതയും പ്രതിഫലിച്ച ചടങ്ങിൽ ജൂബൈലിലെ വെള്ളോടത്തിൽ തറവാട് കുടുംബാംഗങ്ങൾ ഒന്നടങ്കം പങ്കെടുത്തു. വിശിഷ്ടാതിഥികളുമായി വിശേഷങ്ങൾ പങ്കുവെക്കാനും പ്രവാസലോകത്തെ തിരക്കുകൾക്കിടയിൽ ഒത്തുചേരാനും സാധിച്ചതിൽ പങ്കെടുത്തവർ സന്തോഷം പ്രകടിപ്പിച്ചു.
വെള്ളോടത്തിൽ തറവാട് ജുബൈൽ കാരണവർ മൻസൂർ വെള്ളോടത്തിൽ, നജുമുൽ മേലത്ത്, ഫൈസൽ ഫാഹിം വാസ്കോ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പ്രവാസഭൂമിയിലെ കുടുംബാംഗങ്ങളുടെ കൂട്ടായ്മയും പരസ്പര സഹകരണവും നിലനിർത്താൻ ഇത്തരം ഒത്തുചേരലുകൾ അത്യാവശ്യമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.



