18.7 C
Saudi Arabia
Saturday, March 7, 2026
spot_img

‘ഇന്ത്യ ബനാന റിപ്പബ്ലിക്കാണോ?’; റഷ്യൻ എണ്ണ വാങ്ങാൻ അമേരിക്കയുടെ അനുമതി തേടുന്നതിനെതിരെ പ്രതിപക്ഷം

ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ അമേരിക്ക 30 ദിവസത്തെ താൽക്കാലിക അനുമതി നൽകിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. ഒരു പരമാധികാര രാഷ്ട്രമായ ഇന്ത്യക്ക് എണ്ണ വാങ്ങാൻ മറ്റൊരു രാജ്യത്തിന്റെ അനുമതി എന്തിനാണെന്ന് പ്രതിപക്ഷ നേതാക്കൾ ചോദിച്ചു. ഇന്ത്യ ഒരു ‘ബനാന റിപ്പബ്ലിക്’ ആയി മാറിയോ എന്ന് പരിഹസിച്ച കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ, വിദേശനയ കാര്യത്തിൽ കേന്ദ്ര സർക്കാർ അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങിയതായും ആരോപിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോള എണ്ണ വിപണിയിലുണ്ടായ അസ്ഥിരത കണക്കിലെടുത്താണ് കടലിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണ ചരക്കുകൾ ഏറ്റെടുക്കാൻ അമേരിക്ക ഇന്ത്യക്ക് ഒരു മാസത്തെ അനുമതി നൽകിയത്.

രാഹുൽ ഗാന്ധി, അരവിന്ദ് കെജ്‌രിവാൾ തുടങ്ങിയ പ്രമുഖ നേതാക്കൾ ഈ നടപടിയെ ശക്തമായി വിമർശിച്ചു. “ഇന്ത്യക്ക് അനുമതി നൽകാൻ അമേരിക്ക ആരാണ്? എന്തിനാണ് ഇന്ത്യക്ക് അമേരിക്കയുടെ അനുമതി?” എന്ന് കെജ്‌രിവാൾ എക്സിൽ കുറിച്ചു. വാഷിംഗ്ടണുമായുള്ള ഇടപാടുകളിൽ ഇന്ത്യൻ നേതൃത്വത്തിന് സംഭവിച്ച വീഴ്ചയാണിതെന്നും ഇന്ത്യ മറ്റൊരു രാജ്യത്തിന് മുന്നിലും തലകുനിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുടെ വിദേശനയം നമ്മുടെ ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും അധിഷ്ഠിതമായിരിക്കണമെന്നും നിലവിലെ സാഹചര്യം ഒരു വിട്ടുവീഴ്ചയുടെ ഫലമാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. “അമേരിക്കൻ ബ്ലാക്ക്‌മെയിലിംഗ്” എത്ര കാലം തുടരുമെന്നാണ് കോൺഗ്രസ് ചോദിക്കുന്നത്.

അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ആണ് ഇന്ത്യക്ക് 30 ദിവസത്തെ ഇളവ് നൽകുന്ന കാര്യം അറിയിച്ചത്. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കാരണം ആഗോള വിപണിയിൽ എണ്ണ ലഭ്യത ഉറപ്പാക്കാനാണ് ഈ നീക്കമെന്നാണ് അമേരിക്കയുടെ വിശദീകരണം. എന്നാൽ, റഷ്യൻ എണ്ണ വാങ്ങുന്നതിന് മുൻപ് ഇന്ത്യക്ക് മേൽ ഏർപ്പെടുത്തിയിരുന്ന 25 ശതമാനം ഇറക്കുമതി തീരുവയും മറ്റ് നിയന്ത്രണങ്ങളും ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമായാണ് പ്രതിപക്ഷം കാണുന്നത്. യുദ്ധം കാരണം ഊർജ്ജ സുരക്ഷ അപകടത്തിലായ സാഹചര്യത്തിൽ ഇത്തരമൊരു ‘ഔദാര്യം’ സ്വീകരിക്കുന്നത് രാജ്യത്തിന് അപമാനമാണെന്നും പ്രതിപക്ഷം വാദിക്കുന്നു.

 

Related Articles

- Advertisement -spot_img

Latest Articles