ഹൃദയാഘാതം; മലപ്പുറം കിഴിശ്ശേരി സ്വദേശി യാംബുവിൽ നിര്യാതനായി

യാംബു: സൗദി അറേബ്യയിലെ യാംബുവിൽ ജോലി ചെയ്തുവരികയായിരുന്ന മലപ്പുറം കിഴിശ്ശേരി ആലുംച്ചോട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു. ആലുംകണ്ടി വീട്ടിൽ പരേതനായ അഹമ്മദിന്‍റെ മകൻ ഷമീർ ബാബു (44) ആണ് ഞായറാഴ്ച പുലർച്ചെ നിര്യാതനായത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി യാംബുവിൽ സെയിൽസ് വാഹന ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. ശനിയാഴ്ച രാത്രി സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന ഷമീറിന് പുലർച്ചെയോടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.

പരേതനായ അഹമ്മദിന്റെയും ആമിനക്കുട്ടിയുടെയും മകനായ ഷമീർ ബാബുവിന്റെ മൃതദേഹം നിലവിൽ യാംബു ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉമ്മു ഹസ്‌നത്താണ് ഭാര്യ. മക്കൾ: ലിയാ ഫാത്തിമ, ആയിഷ ലിൻഷ. ജിദ്ദയിലുള്ള സഹോദരൻ മുജീബ് റഹ്‌മാൻ നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി യാംബുവിൽ എത്തിയിട്ടുണ്ട്. ജസീന, സലീന എന്നിവരാണ് മറ്റ് സഹോദരങ്ങൾ. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം യാംബുവിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles