ദമാം: സൗദിയിലെ പ്രവാസി കലാകാരന്മാർ അണിയിച്ചൊരുക്കുന്ന പുതിയ ദൃശ്യാവിഷ്കാരം പ്രദർശനത്തിന് തയ്യാറെടുക്കുന്നു. പ്രവാസ മണ്ണിലെ സർഗ്ഗവസന്തത്തിന് പുതിയ നിറം പകർന്ന് ജസീർ കണ്ണൂർ തിരക്കഥ എഴുതി സംവിധനം ചെയ്യുന്ന ‘അമ്മു’ എന്ന ടെലിഫിലിമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
പോസ്റ്ററിലെ “കോലാഹലങ്ങൾ നിറഞ്ഞ ഈ ലോകത്ത് ആരും കേൾക്കാതെ പോയ അവളുടെ ശബ്ദം” എന്ന ടാഗ്‌ലൈൻ ഇതിനോടകം തന്നെ പ്രേക്ഷകമനസ്സുകളിൽ വലിയൊരു ചോദ്യചിഹ്നമായി പടർന്നു കഴിഞ്ഞു. തിരക്കുപിടിച്ച ലോകത്തിന്റെ ആരവങ്ങൾക്കിടയിൽ മനുഷ്യർ കണ്ടില്ലെന്ന് നടിക്കുന്ന, കേൾക്കാൻ മറന്നുപോകുന്ന ചില നിശബ്ദ രോദനങ്ങളിലേക്കാണ് ടെലിഫിലിം വിരൽ ചൂണ്ടുന്നതെന്നതിന്റെ സൂചനയാണ് ടാഗ്‌ലൈൻ നൽകുന്നത്. ഇരുളും വെളിച്ചവും ഇടകലരുന്ന പോസ്റ്ററിലെ ദൃശ്യഭാഷ ചിത്രം കൈകാര്യം ചെയ്യുന്ന ആഴമേറിയ വിഷയത്തെയാണ് അടയാളപ്പെടുത്തുന്നത്. സംസാരശേഷിയില്ലാത്ത ഒരു പെൺകുട്ടി ആദ്യമായി വിദേശത്ത് എത്തുമ്പോൾ നേരിടുന്ന അപ്രതീക്ഷിത ജീവിത സാഹചര്യങ്ങളാണ് ‘അമ്മു’വിന്റെ കാതൽ.
പ്രവാസിയും പ്രമുഖ മലയാള ചലച്ചിത്ര ഗാനരചയിതാവുമായ നിശാന്ത് കൊടമന ഈ ചിത്രത്തിനായി വരികൾ എഴുതുന്നു എന്ന പ്രത്യേകതയും ‘അമ്മു’വിനുണ്ട്. സംവിധായകൻ ജസീർ കണ്ണൂരുമായുള്ള ആത്മബന്ധത്തിന്റെ ഭാഗമായാണ് അദ്ദേഹം സംരംഭത്തിൽ പങ്കാളിയായത്. സന്തു സന്തോഷ്, മീനു അനൂപ് എന്നിവർക്കൊപ്പം ജസീറും ചേർന്നാണ് ആലാപനം നടത്തിയത്.
ജസീർ തന്നെ സംഗീതവും ക്യാമറയും നിർവ്വഹിക്കുന്ന ചിത്രത്തിൽ സച്ചിൻ ജേക്കബ്, സഹീർഷ കൊല്ലം, നീതു ശ്രീവത്സൻ, ധന്വി ഹരികുമാർ, ഗായത്രി ഹരീഷ്, അഫ്സൽ റോനു, നൗഷാദ് മുത്തലീഫ്, ഹുസൈൻ ചമ്പോളിൽ, ഷാക്കിറ ഹുസൈൻ, അദ്വിക്, നൈവേദ് ശ്രീവത്സൻ തുടങ്ങിയവർ അഭിനയിക്കുന്നുണ്ട്. കലയോടുള്ള അടങ്ങാത്ത അഭിനിവേശത്താൽ രൂപപ്പെടുത്തിയ ടെലിഫിലിം പ്രവാസ മണ്ണിൽ നിന്നുള്ള ഏറ്റവും മികച്ചതും വ്യത്യസ്തവുമായ ദൃശ്യ വിരുന്നൊരുക്കുമെന്നാണ് കരുതുന്നത്.
ജാസ് സ്റ്റുഡിയോ ക്രിയേഷൻസ് ഒരുക്കുന്ന “അമ്മു” ഉടൻ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തും. ‘ദിശ’, ‘ലൂണി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജസീർ കണ്ണൂർ ഒരുക്കുന്ന “അമ്മു” ഒരുക്കുന്ന കാഴ്ച്ചക്കായി വലിയ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്.



