28.8 C
Saudi Arabia
Wednesday, April 22, 2026
spot_img

കെ.ബി മുഹമ്മദിന്റെ ജനാസ മക്കയിൽ ഖബറടക്കി; വിടവാങ്ങിയത് മകന്റെ വിവാഹം കഴിഞ്ഞ് മടങ്ങിയെത്തിയ ഉടനെ

മക്ക: അസുഖബാധിതനായി ചികിത്സയിലിരിക്കെ അന്തരിച്ച തളിപ്പറമ്പ് തുവ്വേക്കാട് സ്വദേശി കെ.ബി മുഹമ്മദിന്റെ (മമ്മുക്ക – 56) ജനാസ മക്കയിൽ ഖബറടക്കി. മകന്റെ വിവാഹ ചടങ്ങുകൾ പൂർത്തിയാക്കി ഈ അടുത്ത കാലത്താണ് അദ്ദേഹം നാട്ടിൽ നിന്നും പ്രവാസലോകത്തേക്ക് തിരികെ എത്തിയത്. മക്ക കിങ് അബ്ദുള്ള മെഡിക്കൽ സിറ്റിയിൽ വെച്ചായിരുന്നു അന്ത്യം. തായിഫിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഷറഫിയ യൂണിറ്റ് പ്രസിഡന്റായി സാമൂഹിക രംഗത്ത് അദ്ദേഹം സജീവമായി പ്രവർത്തിച്ചിരുന്നു.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആദ്യം തായിഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തിന് പരിശോധനയിൽ ലുക്കീമിയ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മക്ക കിങ് അബ്ദുള്ള മെഡിക്കൽ സിറ്റിയിലേക്ക് മാറ്റിയെങ്കിലും അവിടെ വെച്ച് മരണം സംഭവിക്കുകയായിരുന്നു. ബൈത്താൻ അബ്ദുള്ളയുടെയും ആമിനയുടെയും മകനാണ്. ബീപാത്തുവാണ് ഭാര്യ. മക്കൾ: നദീർ, ജുബൈർ, ഹാഷിർ, ആദിൽ, ജുബൈരിയ. നുഅ്മാൻ മരുമകനാണ്. അബൂബക്കർ, ഹംസ, ഇബ്രാഹിം, ആയിഷ, സൗറ, ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്.

മക്ക ഐ.സി.എഫ് വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നടന്ന ഖബറടക്ക ചടങ്ങുകളിൽ സ്പോൺസർ അബു സുലൈമാൻ, ഭാര്യാ സഹോദരൻ ജാഫർ മദനി, സുഹൈറുദ്ദീൻ നൂറാനി, ഷാഫി ബാഖവി, റഷീദ് അസ്ഹരി, ജമാൽ കക്കാട്, ഹനീഫ് അമാനി, അബ്ദുൽ ബാരി തായിഫ്, റഷീദ് വേങ്ങര, ഇസ്ഹാഖ് ഖാദിസിയ്യ, ഫൈസൽ സഖാഫി തുടങ്ങി ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

 

Related Articles

- Advertisement -spot_img

Latest Articles