27.8 C
Saudi Arabia
Wednesday, April 22, 2026
spot_img

പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന പ്രതിസന്ധി മറികടക്കാൻ 20,000 സർവീസുകൾ റദ്ദാക്കാൻ ലുഫ്താൻസ

ബെർലിൻ: പശ്ചിമേഷ്യൻ രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്നുണ്ടായ ആഗോള ഇന്ധന പ്രതിസന്ധി നേരിടാൻ വിമാന സർവീസുകൾ വൻതോതിൽ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങി പ്രമുഖ വിമാനക്കമ്പനിയായ ലുഫ്താൻസ. ജർമ്മനിയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ലുഫ്താൻസ ഏകദേശം 20,000 സർവീസുകൾ റദ്ദാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജെറ്റ് ഇന്ധനത്തിന്റെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ ഈ നിർണ്ണായക നീക്കം. പ്രാഥമികമായി ഹ്രസ്വദൂര വിമാന സർവീസുകളെയാണ് ഈ തീരുമാനം ബാധിക്കുക. സർവീസുകൾ വെട്ടിച്ചുരുക്കുന്നതിലൂടെ ഏകദേശം 40,000 ടൺ ഇന്ധനം ലാഭിക്കാനാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

പ്രതിസന്ധി മറികടക്കാനുള്ള ആദ്യഘട്ട നടപടിയായി മെയ് അവസാനം വരെയുള്ള 120 സർവീസുകൾ റദ്ദാക്കിയതായി കമ്പനി ഔദ്യോഗികമായി അറിയിച്ചു. ഇതിനു പുറമെ, ഇന്ധന ഉപയോഗം കൂടുതലുള്ള 27 പഴയ വിമാനങ്ങളുടെ സർവീസും ലുഫ്താൻസ പൂർണ്ണമായും നിർത്തലാക്കിയിട്ടുണ്ട്. സാമ്പത്തിക ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച കമ്പനിയുടെ റീജിയണൽ യൂണിറ്റായ ലുഫ്താൻസ സിറ്റിലൈൻ അടച്ചുപൂട്ടിയിരുന്നു. അന്താരാഷ്ട്ര തലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധിക്കാനും യാത്രാ തടസ്സങ്ങൾക്കും ഈ സാഹചര്യം കാരണമായേക്കുമെന്ന ആശങ്ക ശക്തമാണ്. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകളിൽ മാറ്റം വരുത്തേണ്ടി വരുമെന്നാണ് കമ്പനി അധികൃതർ നൽകുന്ന സൂചന.

 

Related Articles

- Advertisement -spot_img

Latest Articles