ബൂബിയാൻ ദ്വീപിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച നാല് ഇറാൻ റെവല്യൂഷണറി ഗാർഡ് അംഗങ്ങൾ പിടിയിൽ; കുവൈറ്റിൽ അതീവ ജാഗ്രത

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ബൂബിയാൻ ദ്വീപ് വഴി രാജ്യത്തേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച നാല് ഇറാൻ റെവല്യൂഷണറി ഗാർഡ് അംഗങ്ങളെ കുവൈറ്റ് സുരക്ഷാ സേന പിടികൂടി. വിനാശകരമായ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് കടൽ മാർഗം എത്തിയ ഇവരുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു കുവൈറ്റ് സൈനികന് പരിക്കേറ്റു. മെയ് ഒന്നിന് നടന്ന ഈ നുഴഞ്ഞുകയറ്റ ശ്രമത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചൊവ്വാഴ്ചയാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി പുറത്തുവിട്ടത്. വാടകയ്‌ക്കെടുത്ത മീൻപിടുത്ത ബോട്ടിലാണ് ആറംഗ സംഘം എത്തിയതെന്നും ഇതിൽ രണ്ടുപേർ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ടതായും അധികൃതർ വ്യക്തമാക്കി.

പിടിയിലായവർ തങ്ങൾ ഇറാൻ റെവല്യൂഷണറി ഗാർഡിലെ അംഗങ്ങളാണെന്നും കുവൈറ്റിൽ ശത്രുതാപരമായ പ്രവർത്തനങ്ങൾ നടത്താനാണ് തങ്ങളെ നിയോഗിച്ചതെന്നും ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ഈ സംഭവത്തെത്തുടർന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം ഇറാനിയൻ അംബാസഡർ മുഹമ്മദ് തൊട്ടോഞ്ചിയെ നേരിട്ട് വിളിച്ചുവരുത്തി കടുത്ത പ്രതിഷേധം അറിയിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും ലംഘനമാണെന്നും പ്രതിഷേധക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. മേഖലയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന അതീവ സങ്കീർണ്ണമായ സാഹചര്യത്തിലാണ് ഈ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായിരിക്കുന്നത്.

ചൈനയുടെ സഹായത്തോടെ നിർമ്മിക്കുന്ന മുബാറക് അൽ കബീർ തുറമുഖം സ്ഥിതി ചെയ്യുന്ന ബൂബിയാൻ ദ്വീപിന് നേരെയുണ്ടായ ഈ നീക്കം ഗൾഫ് രാജ്യങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ജി.സി.സി അറബ് ലീഗ്, യു.എ.ഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളും സംഘടനകളും ഇറാന്റെ ഈ നടപടിയെ ശക്തമായ ഭാഷയിൽ അപലപിച്ചു. കുവൈറ്റിന്റെ സുരക്ഷ ഉറപ്പാക്കാൻ ഏത് നടപടിയും സ്വീകരിക്കുമെന്നും ഐക്യരാഷ്ട്രസഭയുടെ ആർട്ടിക്കിൾ 51 പ്രകാരം സ്വയം പ്രതിരോധത്തിനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും കുവൈറ്റ് വ്യക്തമാക്കി. സംഭവത്തെത്തുടർന്ന് കുവൈറ്റിന്റെ സമുദ്ര അതിർത്തികളിൽ നിരീക്ഷണം അതീവ ജാഗ്രതയോടെ ശക്തമാക്കിയിട്ടുണ്ട്.

 

 

Related Articles

- Advertisement -spot_img

Latest Articles