ജിദ്ദ: മലയാള സിനിമയുടെ പ്രിയ കലാകാരനും കോൺഗ്രസ് പ്രസ്ഥാനത്തെ ഹൃദയത്തോട് ചേർത്തുവെച്ച ജനകീയ നടനുമായ സലീം കുമാറിന്റെ വേർപാട് കലാ ലോകത്തിനും പൊതുസമൂഹത്തിനും തീരാനഷ്ടമാണെന്ന് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ഫൈസൽ മക്കരപ്പറമ്പ് അദ്ദ്യക്ഷത വഹിച്ചു. ജിദ്ദയിലെ കലാ സാംസ്കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ ഒരു മിനുട്ട് മൗനപ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ സലീം കുമാറിന്റെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.
വ്യത്യസ്തമായ അഭിനയശൈലിയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ സലീം കുമാർ, ഹാസ്യവേഷങ്ങളിലൂടെയും ഗൗരവമുള്ള കഥാപാത്രങ്ങളിലൂടെയും സിനിമാ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു. സാമൂഹിക വിഷയങ്ങളിൽ വ്യക്തമായ നിലപാടുകൾ സ്വീകരിക്കുകയും പൊതുജീവിതത്തിൽ സജീവ സാന്നിധ്യമായി നിലകൊള്ളുകയും ചെയ്ത അദ്ദേഹത്തിന്റെ സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്ന് നാസർ വെളിയംങ്കോട് അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു. അനുസ്മരണ യോഗത്തിൽ നേതാക്കളും പ്രവർത്തകരും സലീം കുമാറിന്റെ കലാജീവിതവും സാമൂഹിക പ്രതിബദ്ധതയും അനുസ്മരിച്ചു സംസാരിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ആരാധകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും യോഗം രേഖപ്പെടുത്തി.
ദേശീയ പുരസ്‌കാര ജേതാവായ അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്നും “മലയാളികളുടെ പ്രിയ നടൻ സലിം കുമാർ ചിരിയിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കിയ കലാകാരനായിരുന്നുവെന്നും അദ്ദേഹത്തിന്റെ വേർപാട് മലയാള സിനിമയ്ക്ക് തീരാനഷ്ടമാണെന്ന് ഡോ: ഷിബു തിരുവനന്തപുരം ( നവോദയ മുഖ്യ രക്ഷാധികാരി ) അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു, സലീം കുമാറിന്റെ ഓർമ്മകൾ മലയാളികളുടെ മനസ്സിൽ എന്നും മായാതെ നിൽക്കുമെന്നും ഒരുപാട് യാതനക്കൾക്കിടയിലും കഷ്ടപ്പാടുകൾക്കിടയിലും ജീവിച്ച് വിജയത്തിന്റെ സ്വർണക്കൊടി പാറിച്ച നമ്മുടെ ഹൃദയത്തിൽ എല്ലാം ഇടംപിടിച്ച് നമ്മളെ വിട്ടു പോയ സലീം കുമാറിന്റെ കാൽപാദങ്ങളിൽ ആയിരം പൂച്ചെണ്ടുകൾ നേരുന്നുവെന്ന് ശ്രീതാ അനിൽകുമാർ ( ചെയർപേഴ്‌സൺ : ജിദ്ദ കലാരത്ന നൃത്ത വിദ്യാലയം ) പറഞ്ഞു.
നാണി മാസ്റ്റർ ( കെ എം സി സി മലപ്പുറം ജില്ലാ സെക്രട്ടറി ), സി എം അഹമ്മദ് ( ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റിയംഗം ), യാസർ നായിഫ് (ഒ.ഐ.സി .സി സൗദി നാഷണൽ ട്രഷറർ) നാസർ കോഴിത്തൊടി( ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ), പ്രിൻസാദ് കാലിക്കറ്റ്, നാസർ സൈൻ, ഗഫൂർ വണ്ടൂർ, ഷൗക്കത് പുഴക്കാട്ടിരി, എന്നിവർ സംസാരിച്ചു.യു എം ഹുസ്സൈൻ മലപ്പുറം സ്വാഗതവും, മുജീബ് കാളികാവ് നന്ദിയും പറഞ്ഞു



