വാഷിംഗ്ടൺ/തെഹ്‌റാൻ: ഇറാന്റെ അതീവ സുരക്ഷിതമായ ഭഗർഭ ആണവ കേന്ദ്രമായ ‘പിക്ക് ആക്സ് മൗണ്ടൻ’ തങ്ങൾ താമസിയാതെ ആക്രമിച്ചേക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും ഭീഷണിപ്പെടുത്തി. “ഞങ്ങൾ ഉടൻ തന്നെ പിക്ക് ആക്സ് ആക്രമിച്ചേക്കാം” എന്നായിരുന്നു മാധ്യമപ്രവർത്തകരോട് ട്രംപിന്റെ പ്രസ്താവന. ജൂലൈ പകുതിയോടെ ഒരു അഭിമുഖത്തിനിടെ പിക്ക് ആക്സ് മൗണ്ടൻ തകർക്കുമെന്നും അതിനായി ഇറാൻ തയ്യാറായിരുന്നോളൂ എന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
പ്രാദേശികമായി ‘കൂ-ഇ കൊളംഗ് ഗാസ് ലാ’ എന്നറിയപ്പെടുന്ന പിക്ക് ആക്സ് മൗണ്ടൻ, ഇറാന്റെ പ്രധാന ആണവനിലയമായ നതാൻസിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. നൂറുകണക്കിന് മീറ്റർ കനമുള്ള കഠിനമായ ഗ്രാനൈറ്റ് പാറകൾ തുരന്ന് വലിയ തുരങ്ക സമുച്ചയങ്ങളോടെയാണ് ഈ ഭൂഗർഭ കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്. 2020-ലാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്.
ഇറാന്റെ ആണവ പദ്ധതിയുടെ പ്രധാന കേന്ദ്രമായി പ്രവർത്തിക്കാൻ രഹസ്യമായി യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമാണ് ഇവിടെ നിർമ്മിക്കുന്നതെന്ന് പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾ കരുതുന്നു. എന്നാൽ സെൻട്രിഫ്യൂജുകൾ നിർമ്മിക്കുന്നതിനുള്ള കേന്ദ്രം മാത്രമാണിതെന്നാണ് ഇറാന്റെ വാദം. അമേരിക്കൻ സൈന്യത്തിന്റെ പക്കലുള്ള ഏറ്റവും ശേഷിയുള്ള ബങ്കർ-ബസ്റ്റർ ബോംബുകൾക്ക് പോലും തകർക്കാൻ കഴിയാത്തത്ര ആഴത്തിലാണ് ഈ നിർമ്മിതിയെന്നാണ് ആയുധ വിദഗ്ദ്ധരുടെ വിലയിരുത്തൽ.



