കോഴിക്കോട്: നടുവണ്ണൂർ കുരുടിമുക്കിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലർ ഇടിച്ച് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. പറമ്പത്ത് ഏലത്തിൽ സുബൈദയ്ക്കാണ് (45) അപകടത്തിൽ പരിക്കേറ്റത്.
കുരുടിമുക്കിലെ സീബ്രാ ലൈനിന് സമീപത്തുവെച്ച് റോഡ് മുറിച്ചുകടക്കവേ നിയന്ത്രണംവിട്ടെത്തിയ ട്രാവലർ യുവതിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ഇവരുടെ കാലിലൂടെ വാഹനത്തിന്റെ മുൻവശത്തെ ടയർ കയറിയിറങ്ങി. അപകടം നടന്ന ഉടൻതന്നെ ഓടിക്കൂടിയ നാട്ടുകാരും വഴിയാത്രക്കാരും ചേർന്ന് യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട ഇവർ നിലവിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.



