കോഴിക്കോട്: കേരള സന്ദർശനത്തിനെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം കേരള മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട്ടെ തുലാ വെൽനസ് കേന്ദ്രത്തിൽ വെച്ചായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും മുതിർന്ന നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിക്കൊപ്പം ചർച്ചയിൽ പങ്കെടുത്തു.
അഞ്ചുദിവസത്തെ ഔദ്യോഗിക ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് അൻവർ ഇബ്രാഹിം കേരളത്തിലെത്തിയത്. ഞായറാഴ്ച കോഴിക്കോട്ടെത്തിയ മലേഷ്യൻ പ്രധാനമന്ത്രി കാരന്തൂർ മർകസിലെത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മർകസ് സെൻട്രൽ കൺവെൻഷൻ സെന്ററിൽ നടന്ന പ്രൗഢഗംഭീരമായ സ്വീകരണച്ചടങ്ങിൽ ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ‘എക്സലൻസ് അവാർഡും’ കാന്തപുരത്തിൽ നിന്ന് അദ്ദേഹം ഏറ്റുവാങ്ങി. മർകസിലെ ചടങ്ങുകൾക്ക് ശേഷം അദ്ദേഹം ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ മടവൂർ മഖാമും സന്ദർശിച്ചിരുന്നു.



