ഇസ്‌ലാമിക അധ്യാപനങ്ങൾ ജീവിതത്തിൽ പകർത്തിയാണ് പ്രവാചക സ്നേഹം പ്രകടിപ്പിക്കേണ്ടത്: ഐ.സി.എഫ് നെക്സസ്

ദമ്മാം: ഇസ്‌ലാമിക അധ്യാപനങ്ങൾ സ്വന്തം ജീവിതത്തിൽ പകർത്തിയാണ് പ്രവാചകരോടുള്ള യഥാർത്ഥ ആദരവും സ്നേഹവും പ്രകടിപ്പിക്കേണ്ടതെന്ന് ഐ.സി.എഫ് നെക്സസ്. മീലാദ് കാമ്പയിന്റെ ഭാഗമായി ‘ഖൽബിലുണ്ട് എന്റെ നബി’ എന്ന പ്രമേയത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഈസ്റ്റ് ചാപ്റ്ററാണ് നെക്‌സസ് സംഘടിപ്പിച്ചത്.

‘പ്രവാചക പ്രകാശം, അഭിമാന ദേശം’ എന്ന ശീർഷകത്തിൽ നടന്ന പരിപാടി കേരള സ്റ്റേറ്റ് ഓർഫനേജ് ക്ഷേമകാര്യ ബോർഡ് ചെയർമാൻ എൻ. അലി അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പ്രവാചകൻ പഠിപ്പിച്ചു തന്ന മാതൃകാപരമായ ജീവിതരീതികളും അധ്യാപനങ്ങളും സ്വന്തം ജീവിതത്തിൽ അനുധാവനം ചെയ്യുകയാണ് യഥാർത്ഥ പ്രവാചക സ്നേഹമെന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.

മതത്തിന്റെ പേരിൽ അക്രമങ്ങളിലും തീവ്രവാദ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നവർക്ക് ദൈവീക നീതിപീഠത്തിൽ നിന്ന് കടുത്ത ശിക്ഷയായിരിക്കും ലഭിക്കുകയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രവാചകൻ ലോകത്തിന് കാണിച്ചുതന്ന സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും പാത മാത്രമാണ് ഏതൊരു മനുഷ്യനും പിൻപറ്റേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.സി.എഫ് ഭാരവാഹികളും പ്രവാസി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

ദാമ്പത്യ ബന്ധത്തിലെ സ്നേഹവും സ്ത്രീകളോടുള്ള ആദരവും മനസ്സിലാക്കാൻ പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതം പഠിച്ചാൽ മാത്രം മതിയെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സിറാജ് ദിനപത്രം ന്യൂസ് എഡിറ്റർ മുസ്തഫ പി എറക്കൽ പറഞ്ഞു. ആർത്തവകാലത്ത് പ്രിയ പത്നി ആയിശ (റ) വെള്ളം കുടിച്ച പാത്രത്തിൽ അതേ ഭാഗത്ത് തന്നെ ചുണ്ടുവെച്ച് കുടിച്ച പ്രവാചകന്റെ പെരുമാറ്റം, പങ്കാളിയോടുള്ള ആഴത്തിലുള്ള സ്നേഹത്തിന്റെയും പിന്തുണയുടെയും അടയാളമാണ്. ഇത്തരം ചെറിയ കാര്യങ്ങൾ പോലും കുടുംബബന്ധങ്ങളിൽ വലിയ ഊഷ്മളത ഉണ്ടാക്കുമെന്നും ഇന്നത്തെ സമൂഹത്തിൽ ഈ പ്രവാചക മാതൃക ഏറെ പ്രസക്തമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ആതിഥേയ രാജ്യമായ സൗദി അറേബ്യയുടെ നിയമങ്ങളും സംസ്കാരവും മാനിച്ച് മാതൃകാപരമായ ജീവിതം നയിക്കുന്ന പ്രവാസികൾ, ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള നയതന്ത്ര – സാംസ്കാരിക ബന്ധങ്ങൾ സുദൃഢമാക്കുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് ഇരുവരും വ്യക്തമാക്കി. പരസ്പര സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും പ്രവാചക പാഠങ്ങൾ ജീവിതത്തിൽ പകർത്താൻ പ്രവാസികൾക്ക് സാധിക്കണമെന്നും ഇരു രാജ്യത്തോടുമുള്ള കൂറും കടമകളും കൃത്യമായി നിർവഹിക്കാൻ പ്രവാസികൾക്ക് കഴിയണമെന്നും അവർ ആവശ്യപ്പെട്ടു.

ഐ സി എഫ് ഈസ്റ്റ് ചാപ്റ്റർ തസ്കിയ സെക്രട്ടറി അബ്ദുൽ ഹമീദ് ഉലൂമി പ്രാർത്ഥന നിർവഹിച്ച് തുടങ്ങിയ പരിപാടിക്ക് ചാപ്റ്റർ പ്രസിഡന്റ് അബ്ദുൽ റഹീം മഹ്ളരി ആദ്യക്ഷത വഹിച്ചു. ഐ സി എഫ് ഇന്റർനാഷണൽ ഹാർമണി ആൻഡ് എമിനാന്റ്സ് സെക്രട്ടറി ബഷീർ ഉള്ളണം ആശംസകൾ അറിയിച്ച് സംസാരിച്ചു. ജനറൽ സെക്രട്ടറി ശെരിഫ്‌ മണ്ണൂർ സ്വാഗതവും അഡ്മിൻ സെക്രട്ടറി നാസർ മസ്ഥാൻ മുക്ക് നന്ദിയും പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles