കണ്ണൂരിൽ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് വിദ്യാർത്ഥിനികളെ ഇടിച്ചുതെറിപ്പിച്ചു; രണ്ട് പേർക്ക് പരുക്ക്, ഡ്രൈവറും കണ്ടക്ടറും കസ്റ്റഡിയിൽ

കണ്ണൂർ: നഗരമധ്യത്തിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ച് രണ്ട് കോളേജ് വിദ്യാർത്ഥിനികൾക്ക് പരുക്ക്. താവക്കരയിൽ രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. കണ്ണൂരിലെ സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ബി.എസ്.സി വിദ്യാർത്ഥിനികളായ പാനൂർ സ്വദേശി ആവണി, ചെറുപറമ്പ് സ്വദേശി സ്നേഹ എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്. പരുക്കേറ്റ ഇരുവരെയും ഉടൻതന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂർ-വടകര റൂട്ടിലോടുന്ന ‘ഐവാൻ’ എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. വളവിലൂടെ അമിതവേഗതയിൽ നിയന്ത്രണം വിട്ടെത്തിയ ബസ്, റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥിനികളെ നേരിട്ട് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പോലീസ് ശക്തമായ നടപടിയെടുത്തു. ബസ് അമിതവേഗതയിലും അശ്രദ്ധമായും ഒടുക്കിയതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് സ്ഥിരീകരിച്ചു.

സംഭവത്തിൽ ബസ് ഡ്രൈവർ ആദർശിനെയും കണ്ടക്ടറെയും പോലീസ് കസ്റ്റഡിയിലെടുത്തു. അപകടമുണ്ടാക്കിയ ബസും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles