‘ജെൻ സി’ വോട്ടർമാർക്ക് വിലക്ക്; രണ്ടു വർഷമായി പുതുക്കൽ നടപടികൾ നിർത്തിവെച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ (ECI) മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (CEC) ഗ്യാനേഷ് കുമാറിന്റെ അധ്യക്ഷതയിൽ ഏകപക്ഷീയ തീരുമാനങ്ങൾ തുടരുന്നതിനെച്ചൊല്ലി വീണ്ടും രൂക്ഷമായ അഭിപ്രായവ്യത്യാസം. 18 വയസ്സ് പൂർത്തിയാകുന്ന മുറയ്ക്ക് പുതിയ ‘ജെൻ സി’ (Gen-Z) യുവ വോട്ടർമാരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി വർഷംതോറും നടത്തിവരുന്ന സമ്മറി സ്പെഷ്യൽ റിവിഷൻ (SSR) കഴിഞ്ഞ രണ്ട് വർഷമായി തടഞ്ഞുവെച്ചിരിക്കുകയാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതോടെ 2024 മുതൽ രാജ്യത്തെ വോട്ടർപട്ടികയുടെ വാർഷിക പുതുക്കൽ പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്.

1958 മുതൽ ഒന്നുപോലും മുടങ്ങാതെ തുടർന്നുപോന്നിരുന്ന വാർഷിക വോട്ടർപട്ടിക പരിഷ്കരണ പ്രക്രിയ നിർത്തലാക്കിയതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വർഷംതോറും ജനുവരി ആദ്യവാരം പുതുക്കിയ വോട്ടർപട്ടിക ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്ന പാരമ്പര്യമാണ് കമ്മീഷന്റെ ഭിന്നത കാരണം മുടങ്ങിയത്. 2025-ൽ ബിഹാറിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണ (SIR) പ്രക്രിയ പ്രഖ്യാപിച്ചതോടെയാണ് പതിവ് എസ്.എസ്.ആർ നടപടികൾ നിശ്ചലമായത്.

ഓരോ വർഷവും 18 വയസ് തികയുന്ന യുവ വോട്ടർമാർക്ക് ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ മാസങ്ങളിലെ ഒന്നാം തീയതി മുതൽ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരം നൽകുന്ന സുപ്രധാന സംവിധാനമാണ് സ്പെഷ്യൽ റിവിഷൻ. തെരഞ്ഞെടുപ്പ് അടുത്തെത്തിനിൽക്കുന്ന സംസ്ഥാനങ്ങളിൽ യുവാക്കളുടെ വോട്ടവകാശം ഉറപ്പാക്കാൻ ഇത് നിർബന്ധമാണെന്നിരിക്കെയാണ് സി.ഇ.സി ഇത് മരവിപ്പിച്ചത്. നിർബന്ധമായും എസ്.എസ്.ആർ പുനരാരംഭിക്കണമെന്ന് മറ്റു രണ്ട് കമ്മീഷണർമാരും ആവശ്യപ്പെടുകയും നിയമോപദേശം തേടുകയും ചെയ്തെങ്കിലും സി.ഇ.സി വഴങ്ങിയില്ല. കമ്മീഷനുള്ളിലെ കടുത്ത ആഭ്യന്തര തർക്കങ്ങൾ കാരണം 2025-26 കാലയളവിൽ സ്ഥലംമാറ്റം ലഭിച്ച അൻപതോളം മുതിർന്ന ഉദ്യോഗസ്ഥരുടെ വാർഷിക കോൺഫിഡൻഷ്യൽ റിപ്പോർട്ടുകളും നിർത്തിവെക്കപ്പെട്ടിരിക്കുകയാണ്.

Related Articles

- Advertisement -spot_img

Latest Articles