ജിദ്ദ: ജനാധിപത്യ മൂല്യങ്ങളിലും മതേതര രാഷ്ട്രീയത്തിലും ഉറച്ചുനിന്ന് പൊതുപ്രവർത്തനത്തിന് സമർപ്പിതമായ ജീവിതം നയിച്ച മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ ഓർമ്മകൾ പ്രവാസി സമൂഹത്തിനും എന്നും പ്രചോദനമാണെന്ന് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദയുടെ നാലാമത് ആര്യാടൻ മുഹമ്മദ് അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. ഷറഫിയ സഫയർ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം കബീർ കരുളായി ( ചെയർമാൻ: ജനശ്രീ കരുളായി , മണ്ഡലം കോണ്ഗ്രസ് സെക്രട്ടറി ) ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് സൈഫു വാഴയിൽ അധ്യക്ഷത വഹിച്ചു.
മലപ്പുറത്തിന്റെ രാഷ്ട്രീയ, സാമൂഹിക ജീവിതത്തിൽ ദീർഘകാലം സജീവ സാന്നിധ്യമായിരുന്ന ആര്യാടൻ മുഹമ്മദ് ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും പൊതുസമൂഹത്തിന്റെ അവകാശങ്ങൾക്കും വേണ്ടി ശക്തമായ നിലപാടുകൾ സ്വീകരിച്ച നേതാവായിരുന്നു. സാധാരണക്കാരുമായി അടുത്ത ബന്ധം പുലർത്തിയ അദ്ദേഹത്തിന്റെ പൊതുപ്രവർത്തന ശൈലി മലബാറിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ശ്രദ്ധേയമായ അധ്യായമായി നിലനിൽക്കുന്നു.
പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങളും അവകാശങ്ങളും കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക പുരോഗതിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണെന്ന കാഴ്ചപ്പാടോടെ പ്രവാസികളുമായി നിരന്തര ബന്ധം പുലർത്തിയിരുന്ന നേതാവെന്ന നിലയിലും ആര്യാടൻ മുഹമ്മദിന്റെ ഓർമ്മകൾ പ്രസക്തമാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. പ്രവാസികളുടെ തൊഴിൽ, ക്ഷേമം, നാടുമായുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളിൽ അവരുടെ ശബ്ദം കേരളത്തിന്റെ പൊതുസമൂഹത്തിൽ എത്തിക്കേണ്ടതിന്റെ പ്രാധാന്യം അനുസ്മരണ സമ്മേളനം എടുത്തുപറഞ്ഞു. ആര്യാടൻ മുഹമ്മദിന്റെ രാഷ്ട്രീയ ജീവിതത്തിലെ ജനാധിപത്യ പ്രതിബദ്ധതയും മതേതര മൂല്യങ്ങളും സാമൂഹിക നീതിയോടുള്ള സമീപനവും പുതിയ തലമുറയിലെ പൊതുപ്രവർത്തകർക്ക് പഠിക്കാനുള്ളതാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ഒ ഐ സി സി ഗ്ലോബൽ നേതാവ് മുസ്തഫ പെരുവള്ളൂർ, യാസിർ നായിഫ് (നാഷണൽ കമ്മിറ്റി ട്രഷറർ ) സക്കീർ എടവണ്ണ ( മുൻ ജിദ്ദ റീജ്യണൽ സെക്രട്ടറി ), നാസർ സൈൻ , പ്രിൻസാദ് കോഴിക്കോട് എന്നിവർ വിവിധ കമ്മിറ്റികളെ പ്രതിനിധീകരിച്ച് സംസാരിച്ചു. ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത സൈഫു വാഴയിലിനെ നേതാക്കളും പ്രവർത്തകരും ഷാൾ അണിയിച്ച് ആദരിച്ചു. ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദയുടെ പ്രവർത്തകരും നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു. യു. എം. ഹുസ്സൈൻ മലപ്പുറം സ്വാഗതവും , ഫൈസൽ മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു.



