ന്യൂഡൽഹി: വോട്ടേഴ്സ് പട്ടിക പ്രത്യേക തീവ്ര പരിഷ്കരണ പ്രക്രിയയിൽ (SIR) സ്വേച്ഛാധിപത്യപരമായി തീരുമാനങ്ങളെടുത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (CEC) ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം രാജ്യത്തുടനീളം ഇരമ്പുന്നതിനിടെ, പാർലമെന്റിൽ അടിയന്തര ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷ ‘ഇൻഡ്യ’ സഖ്യം ഒരുങ്ങുന്നു. ഇതിനായി ഈ മാസം 30-ന് ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ ഇൻഡ്യ സഖ്യ നേതാക്കളുടെ സുപ്രധാന യോഗം ചേരും.
എസ്.ഐ.ആർ വിഷയം സഭയിലും പുറത്തും കടുപ്പിക്കുന്നതിന്റെ ഭാഗമായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയുമായും ഫോണിൽ സംസാരിച്ചിരുന്നു. ഈ ആശയവിനിമയത്തിന് പിന്നാലെയാണ് പ്രതിപക്ഷ നേതാക്കളുടെ അടിയന്തര യോഗം വിളിച്ചുചേർക്കാൻ ധാരണയായത്. വരാനിരിക്കുന്ന യോഗം ഇൻഡ്യ സഖ്യത്തിലെ കക്ഷികളിൽ മാത്രം ഒതുക്കാതെ മുഴുവൻ പ്രതിപക്ഷ പാർട്ടികളെയും സിവിൽ സൊസൈറ്റി പ്രതിനിധികളെയും പങ്കാളികളാക്കണമെന്ന് സഖ്യകക്ഷിയായ സി.പി.ഐ (എം.എൽ)-ലിബറേഷൻ നേതാവ് ദീപാങ്കർ ഭട്ടാചാര്യ എം.പി ആവശ്യപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിവാദപരമായ തീരുമാനങ്ങളെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെടുന്നതിനൊപ്പം പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ വിപുലമായ പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യാനും യോഗം തീരുമാനിക്കും. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, മമതാ ബാനർജി, അഭിഷേക് ബാനർജി, അഖിലേഷ് യാദവ്, എം.എ. ബേബി, ഡി. രാജ, ഉദ്ദവ് താക്കറെ, മെഹബൂബ മുഫ്തി തുടങ്ങിയ മുൻനിര നേതാക്കൾ യോഗത്തിൽ അണിനിരക്കും. കഴിഞ്ഞ ജൂൺ 8-നാണ് സഖ്യം അവസാനമായി യോഗം ചേർന്നത്.
അതിനിടെ, ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ ശനിയാഴ്ചയും ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. കർണാടകയിൽ കോൺഗ്രസ് നേതൃത്വത്തിലും പട്നയിൽ ആർ.ജെ.ഡിയുടെ നേതൃത്വത്തിലും കൊൽക്കത്തയിൽ ടി.എം.സിയുടെ ആഭിമുഖ്യത്തിലും തെരുവ് പ്രക്ഷോഭങ്ങൾ അരങ്ങേറി. ഒക്ടോബർ 4-ന് മുംബൈയിൽ ഉദ്ദവ് താക്കറെയുടെയും രാജ് താക്കറെയുടെയും സംയുക്ത നേതൃത്വത്തിൽ ബഹുജന പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ സംഭവവികാസങ്ങൾ പശ്ചിമ ബംഗാളിലെ പര പരമ്പരാഗത രാഷ്ട്രീയ എതിരാളികളായ തൃണമൂൽ കോൺഗ്രസിനെയും സി.പി.എമ്മിനെയും ഒരേ വേദിയിലെത്തിച്ചു എന്ന പ്രത്യേകതയുമുണ്ട്.



