തോറ്റത് ലഹരി മാഫിയ, ജയിച്ചത് ധീരത! റൂഫിൽ കിടന്ന് 40 കി.മീ ചേസിങ്; ലഹരിക്കടത്തുകാരെ വളഞ്ഞിട്ട് പിടിച്ച് പോലീസ്

കോയമ്പത്തൂർ: ലഹരിക്കടത്ത് സംഘത്തെ പിടികൂടാൻ സ്വന്തം ജീവൻ പണയം വെച്ച് ഓടുന്ന കാറിന് മുകളിൽ കിടന്ന് 40 കിലോമീറ്ററോളം സാഹസികമായി സഞ്ചരിച്ച് പോലീസുകാരൻ. കോയമ്പത്തൂർ കോവിൽപാളയം പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ വേൽമുരുകനാണ് (42) തമിഴ്‌നാട് പോലീസിന് അഭിമാനമായി മാറിയത്. വേൽമുരുകന്റെ സമാനതകളില്ലാത്ത ധീരതയുടെയും കൃത്യനിഷ്ഠയുടെയും ഫലമായി രാജസ്ഥാൻ സ്വദേശികളായ മൂന്നുപേരെ 300 കിലോ നിരോധിത ലഹരി ഉൽപ്പന്നങ്ങളുമായി പോലീസ് സംഘം പിടികൂടി.

ശനിയാഴ്ച രാവിലെ കോവിൽപാളയത്തിന് സമീപം ഹെഡ് കോൺസ്റ്റബിൾ വേൽമുരുകനും അസിസ്റ്റന്റ് ഇൻസ്‌പെക്ടർ വിഘ്നേഷും അടങ്ങുന്ന സംഘം വാഹനം പരിശോധിക്കുന്നതിനിടെയാണ് സംഭവം. കർണാടകയിൽ നിന്ന് വന്ന ആഡംബര കാർ തടഞ്ഞുനിർത്തി ഇൻസ്‌പെക്ടർ വിഘ്നേഷ് ഡിക്കി തുറന്ന് പരിശോധിക്കാൻ ശ്രമിക്കവേ, ഉള്ളിലുണ്ടായിരുന്നവർ പോലീസിനെ തള്ളിമാറ്റി വാതിലുകൾ അടച്ച് വാഹനം അതിവേഗം മുന്നോട്ടെടുക്കുകയായിരുന്നു. അപകടസാധ്യത മുന്നിൽക്കണ്ടെങ്കിലും വേൽമുരുകൻ ഞൊടിയിടയിൽ കാറിന്റെ മുകളിലേക്ക് ചാടിക്കയറി കാരിയർ കമ്പിയിൽ വലിഞ്ഞു മുറുകിപ്പിടിച്ചു. കാർ നിർത്താൻ നിരന്തരം ആവശ്യപ്പെട്ടെങ്കിലും പ്രതികൾ വാഹനം അമിതവേഗത്തിൽ മുന്നോട്ടെടുത്തു.

വിലാങ്കുറിച്ചി, കാലാപട്ടി, ചിത്ര വഴി കണിയൂർ ടോൾ ബൂത്തിലെത്തിയ കാർ ബാരിയറുകൾ തകർത്തുപാഞ്ഞു. പോലീസുകാരനെ താഴെയിടാൻ കാർ വളച്ചും പുളച്ചും ഓടിച്ചെങ്കിലും വേൽമുരുകൻ കാരിയറിലെ പിടിവിട്ടില്ല. ഇതിനിടെ മറ്റ് സ്റ്റേഷനുകളിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ആംബുലൻസുകളും കാറിനെ പിന്തുടർന്നു. ഒടുവിൽ അവിനാശിയിലെ അന്നപൂർണ ഹോട്ടലിന് സമീപം വെച്ച് പോലീസും ആംബുലൻസുകളും ചേർന്ന് കാർ വളയുകയായിരുന്നു. വാഹനം നിന്നയുടൻ ഓടിരക്ഷപ്പെടാൻ ശ്രമിച്ച മൂന്ന് പ്രതികളെയും പോലീസുകാർ പിന്തുടർന്ന് കീഴടക്കി. ബംഗളൂരുവിൽ നിന്നാണ് ഇത്രയും വലിയ ലഹരിശേഖരം കൊണ്ടുവന്നതെന്ന് പ്രതികൾ സമ്മതിച്ചു. പോലീസുകാരന്റെ ധീരതയെ മന്ത്രി സമ്പത്ത് കുമാർ വീഡിയോ കോളിലൂടെ വിളിച്ച് നേരിട്ട് അഭിനന്ദനം അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles