ഖത്തർ കെ.എം.സി.സി കവർച്ച കേസ്: നാല് പ്രതികൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് സർക്കുലർ

കോഴിക്കോട്: അന്താരാഷ്ട്ര ശ്രദ്ധനേടിയ ഖത്തർ കെ.എം.സി.സി കവർച്ച കേസിൽ ഒളിവിലുള്ള നാല് പ്രധാന പ്രതികൾക്കെതിരെ കൊയിലാണ്ടി പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. ഷാജഹാൻ എന്ന ബോംബെ ഷാജി, കുന്നുമ്മൽ ഹസ്സൻ എന്ന അസയിനാർ, കുന്നുമ്മൽ അബ്ദുൽ റസാഖ്, അലയാറിൽ അബ്ദുൽ നിസാർ എന്നിവർക്കെതിരെയാണ് പോലീസ് നടപടി കടുപ്പിച്ചത്. പ്രതികൾ രാജ്യം വിട്ടുപോകാൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയത്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല മാത്രമേ കോടികളുടെ കവർച്ചയ്ക്ക് പിന്നിലെ പൂർണ്ണ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സാധിക്കൂ എന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

അതിനിടെ, കേസിൽ കോടതിയിൽ കീഴടങ്ങിയ പ്രാദേശിക ബി.ജെ.പി നേതാവ് ബാലകൃഷ്ണനുമായി പോലീസ് വിവിധ കേന്ദ്രങ്ങളിൽ തെളിവെടുപ്പ് പൂർത്തിയാക്കി. കരിപ്പൂർ വിമാനത്താവളം, ഗൂഢാലോചന നടന്ന സ്ഥലങ്ങൾ, പ്രതികൾ ഒളിവ് സങ്കേതങ്ങളായി ഉപയോഗിച്ച കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് പ്രതിയെ എത്തിച്ച് തെളിവെടുത്തത്. അതിനുശേഷം ഇയാളെ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. അറസ്റ്റിലായ ബാലകൃഷ്ണന്റെ വെളിപ്പെടുത്തലുകളും, ബോംബെ ഷാജിയുടേതായി പുറത്തുവന്ന ഫോൺ സംഭാഷണങ്ങളും കേസിൽ ഖത്തർ കെ.എം.സി.സിയുമായി ബന്ധമുള്ള ചില ഉന്നതർക്ക് കൂടി പങ്കുണ്ടെന്ന സംശയം ബലപ്പെടുത്തുന്നുണ്ട്.

2025 സെപ്റ്റംബർ 18-ന് ഖത്തർ അൽ തുമാമയിലെ കെ.എം.സി.സി ഓഫീസിലാണ് നാടിനെ നടുക്കിയ മോഷണം നടന്നത്. ഓഫീസിലെ റൂം ബോയിയുടെ കൈകാലുകൾ കൂട്ടിക്കെട്ടി, സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്താണ് എട്ട് കോടിയോളം രൂപ കവർന്നത്. സംഭവവുമായി ബന്ധപ്പെട്ട് പി.കെ. അബ്ദുൽ റഹീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ആകെ ആറ് പ്രതികളുള്ള കേസിൽ മറ്റ് നാല് പേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles