പാലക്കാട്: രാവും പകലും നീണ്ടുനിന്ന ആശങ്കകൾക്കും തിരച്ചിലിനുമൊടുവിൽ കൂറ്റനാട്ടെ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ ടിപ്പർ ലോറി ഡ്രൈവർ ചാത്തന്നൂർ സ്വദേശി അബൂതാഹിറിന്റെ (35) മൃതദേഹം കണ്ടെടുത്തു. വ്യാഴാഴ്ച രാവിലെ ഏഴരയോടെ അപകടത്തിൽപ്പെട്ട ലോറി അർദ്ധരാത്രിയോടെ കരയ്‌ക്കെത്തിച്ചിരുന്നെങ്കിലും, താഹിറിനായുള്ള തിരച്ചിൽ വെള്ളിയാഴ്ച രാവിലെ വരെ നീളുകയായിരുന്നു. ചാലിശ്ശേരി പോലീസും പട്ടാമ്പി, ഷൊർണൂർ, മലപ്പുറം എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും സ്കൂബ ഡൈവിങ് സംഘവും ചേർന്നാണ് താലൂക്കിലെ തന്നെ ഏറ്റവും ദാരുണമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ മൃതദേഹം പുറത്തെടുത്തത്.
തിരുമിറ്റക്കോട് പഞ്ചായത്തിലെ കറുകപ്പുത്തൂർ അകിലാണത്തുള്ള ഉപേക്ഷിക്കപ്പെട്ട ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെയാണ് താഹിർ ഓടിച്ചിരുന്ന ടോറസ് ലോറി അപകടത്തിൽപ്പെട്ടത്. ലോറിയുടെ പിൻഭാഗം ഉയർത്തി മണ്ണിറക്കുന്നതിനിടെ പെട്ടെന്ന് വശങ്ങളിലെ മണ്ണിടിഞ്ഞ് വാഹനം താഴ്ചയിലുള്ള വെള്ളക്കെട്ടിലേക്ക് പതിക്കുകയായിരുന്നു. പ്രദേശത്തെത്തിയ മറ്റൊരു ലോറി ഡ്രൈവർ താഹിറിനെ കാണാതെ നടത്തിയ തിരച്ചിലിലാണ് വാഹനം വെള്ളത്തിൽ മുങ്ങിയ വിവരം അറിയുന്നത്.
വർഷങ്ങളോളം ഗൾഫിൽ പ്രവാസിയായിരുന്ന താഹിർ, കുടുംബത്തോടൊപ്പം നാട്ടിൽ കഴിയണമെന്ന വലിയ ആഗ്രഹത്താലാണ് ആറുമാസം മുൻപ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയത്. വിദേശത്തെ ജോലി ഉപേക്ഷിച്ച് പഴയ തൊഴിലായ ടിപ്പർ ഡ്രൈവിങ്ങിലേക്ക് മടങ്ങിയ അദ്ദേഹം കുടുംബത്തോടൊപ്പം സന്തോഷകരമായ ജീവിതം നയിച്ചു വരികയായിരുന്നു. ലൈഫ് ഭവന പദ്ധതിയിലുൾപ്പെടുത്തി സ്വന്തമായൊരു വീടിന്റെ നിർമ്മാണം പകുതിവഴിയിൽ എത്തിനിൽക്കെയാണ് പ്രതീക്ഷകളെല്ലാം തല്ലിക്കെടുത്തി ഈ ദാരുണാപകടം ഉണ്ടായത്.
അതിനിടെ, താഹിറിന്റെ സഹോദരൻ മുസ്തഫ ഗുരുതരമായ വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലാണ്. സഹോദരന്റെ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്കായി നാട്ടുകാർ ചേർന്ന് ഫണ്ട് സമാഹരിച്ചിരുന്നെങ്കിലും നിയമപരമായ തടസ്സങ്ങൾ കാരണം തുടർനടപടികൾ വൈകുന്നതിനിടയിലാണ് കുടുംബത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി താഹിറിന്റെ വേർപാട്. പെരുങ്കണ്ണൂർ അംഗൻവാടി ഹെൽപ്പറായ ജിൻസിലയാണ് ഭാര്യ. അനഹ ഫാത്തിമ, മുഹമ്മദ് ഹൈസിൻ, ഹെസ ഫാത്തിമ എന്നിവർ മക്കളാണ്.



